ചിങ്ങവനം: എംസി റോഡിൽ കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകാറിൽ യാത്ര ചെയ്തിരുന്ന റിട്ടയേഡ് ആയുർവേദ ഡോക്ടർ മരിച്ചു. തിരുവനന്തപുരം വഞ്ചിയൂർ വില്ലയിൽ ഡോ. പരമേശ്വരൻ പോറ്റിയുടെ ഭാര്യ തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളജ് റിട്ടയേഡ് വൈസ് പ്രിൻസിപ്പൽ സുഭദ്ര അന്തർജനം (63)ആണ് മരിച്ചത്. പരമേശ്വരൻ പോറ്റിയെയും ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 2.45ന് കോടിമത കൊണ്ടോടി പന്പിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു പേരൂരിലെ മകളുടെ വീട്ടിലേക്കു വരികയായിരുന്നു കുടുംബം. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. സുഭദ്ര വാഹനത്തിന്റെ മുൻ സീറ്റിലായിരുന്നു.
നാലുവരിപാതയിലെ ഡിവൈഡർ കടന്നു വാഹനം മുന്നോട്ടു വന്നതും കാറിന്റെ നിയന്ത്രണം ഡ്രൈവർക്കു നഷ്ടമാകുകയായിരുന്നു. തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ മുന്നിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഇടതുവശം പൂർണമായും തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ പെട്രോൾ പന്പ് ജീവനക്കാരും ചേർന്നാണു പരിക്കേറ്റവരെ പുറത്തെടുത്തത്. തുടർന്ന് ഇതുവഴി എത്തിയ വാഹനങ്ങളിൽ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേയ്ക്കും സുഭദ്ര മരിച്ചിരുന്നു.
മകൾ: ഡോ.അപർണ ശർമ(അസിസ്റ്റന്റ് പ്രഫസർ, പങ്കജകസ്തൂരി ആയുർവേദ കോളജ്, തിരുവനന്തപുരം) മരുമകൻ: ഡോ.കിരണ് ശർമ (അസിസ്റ്റന്റ് പ്രഫസർ, ഗവണ്മെന്റ് ആയുർവേദ കോളജ്, തിരുവനന്തപുരം). സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പേയാടിനു സമീപമുള്ള വെട്ടിയത്ത്.
കാർ ലോറിയിലിടിച്ച് വനിതാ ആയുർവേദ ഡോക്ടർ മരിച്ചു
12:54 AM May 27, 2019 | Deepika.com