പേരാമംഗലം(തൃശൂർ): ദൂരയാത്രയ്ക്കിടയിൽ വിശ്രമിക്കാനായി റോഡരികിൽ കാർ നിർത്തി ഉറങ്ങുകയായിരുന്ന യുവാവ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം അലക്സ് നഗർ സ്വദേശിയായ ബിനീഷ് മാത്യു(42) ആണ് മരിച്ചത്. വിധവാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു-പരേതനായ അറയ്ക്കപ്പറമ്പിൽ മാത്യു ദമ്പതികളുടെ മകനാണ്. ഞായറാഴ്ച പുലർച്ചെ 5.10 ന് പേരാമംഗലം പോലീസ് സ്റ്റേഷനു സമീപമുള്ള ചിരക്കുഴി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം.
ബിസിനസുകാരനായ ബിനീഷ് മാത്യു കണ്ണൂരിൽനിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷനു സമീപമെത്തിയപ്പോൾ റോഡരികിൽ കാർ പാർക്ക് ചെയ്ത് അതിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കുഴൽക്കിണർ കമ്പനിയുടെ ലോറിയുടെ പിറകിലാണ് ബിനീഷ് കാർ പാർക്ക് ചെയ്തിരുന്നത്. ഇതിനിടെ തടികയറ്റിവന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. ലോറികൾക്കിടെ കുടുങ്ങിയ കാർ പൂർണമായും തകർന്നു.
നാട്ടുകാരും ഹൈവേപോലീസും ചേർന്നാണ് കാറിൽനിന്ന് ബിനീഷിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾതന്നെ മരിച്ചിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് അലക്സ്നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. ഭാര്യ: സുനിത മേരി മടമ്പം പടേട്ട് കുടുംബാംഗം. മക്കൾ: അഭയ്, ആൽവിൻ, ആഗ്നസ്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തടി കയറ്റിവന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാർ നിർത്തി ഉറങ്ങുന്നതിനിടെ ലോറിയിടിച്ച് യുവാവ് മരിച്ചു
12:53 AM May 27, 2019 | Deepika.com