കോട്ടയം: എംസി റോഡിലുള്ള പഴയ നാഗന്പടം റെയിൽവേ മേൽപ്പാലം പൊളിച്ചുനീക്കി. വെള്ളിയാഴ്ച അർധ രാത്രിയോടെ ആരംഭിച്ച ജോലികൾ ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദിവസങ്ങൾക്കു മുന്പു നിയന്ത്രിത സ്ഫോടനത്തിലുടെ തകർക്കാൻ ശ്രമിച്ച പാലം അതിനു സാധിക്കാതെ വന്നതോടെ പല ഭാഗങ്ങളായി മുറിച്ചു മാറ്റിയാണു പാലം പൊളിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചതിനു പിന്നാലെ റെയിൽ പാത സുരക്ഷിതമായി മൂടി, വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റുന്ന ജോലികളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് പാതയിൽനിന്നു പാലത്തിനു താങ്ങു നൽകി. പാലത്തിന്റെ ബലം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യം ആർച്ചുകളാണു പൊളിച്ചു നീക്കിയത്. രാത്രി 7.30നാണു പാലം പൂർണമായും പൊളിച്ചു മാറ്റിയത്. പിന്നീട് റെയിൽവേ പാളയത്തിലെ കോണ്ക്രീറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്തു.
റെയിൽവേയുടെ കർശന നിരീക്ഷണത്തിലാണു പാലം മുറിച്ചു മാറ്റിയ ജോലികൾ നടന്നത്. നാഗന്പടത്തും പരിസര പ്രദേശങ്ങളിലും പോലീസിന്റെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. പണികൾ പൂർത്തിയാക്കിയ ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സുരക്ഷാ പരിശോധനകളെത്തുടർന്ന് ഇന്നു പുലർച്ചയോടെ ട്രെയിനുകൾ പാളത്തിലൂടെ കടത്തിവിട്ടതായും റെയിൽവേ അധികൃതർ അറിയിച്ചു.
ഒടുവിൽ നാഗന്പടം പാലം പൊളിച്ചുനീക്കി
01:59 AM May 26, 2019 | Deepika.com