എരുമേലി: റാന്നി സ്വദേശിയും എരുമേലിയിൽനിന്നു വിവാഹിതനുമായ ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി ബ്രിട്ടനിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ വോട്ടെടുപ്പിൽ ബ്രാഡ്ലി സ്റ്റേഡിയത്തിന്റെ മേയറായാണ് കൗണ്‍സിൽ അംഗം ടോം ആദിത്യ ബ്രിട്ടനിലെ ലോക്കൽ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മേയറുടെ ബഹുമാനാർഥം തെരഞ്ഞെടുക്കപ്പെട്ട ടോം, ദക്ഷിണ ഗ്ളൌസെസ്റ്റർഷെയറിലെ ഏഷ്യൻ സമുദായങ്ങളിലെ മേയർമാരിൽ ഒരാളാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ബ്രിസ്റ്റോളിന്റെ സാമൂഹികരംഗത്ത് ഉപദേശകനും സാന്പത്തിക ഉപദേഷ്ടാവും കോളമിസ്റ്റുമാണ്. റാന്നി ഇരൂരിക്കൽ ആദിത്യപുരം തോമസ് മാത്യു -ഗുലാബി മാത്യു ദന്പതികളുടെ മകനായ ടോമിന്റെ ഭാര്യ ലിനി എരുമേലി കല്ലാമ്മാക്കൽ കുടുംബാംഗമാണ്. പാലായിലെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ വെട്ടം മാണിയുടെ പൗത്രൻകൂടിയാണ് ടോം ആദിത്യ. അഭിഷേക്, അലീന, ആൽബർട്ട്, അഡോണ, അൽഫോൻസ് എന്നിവരാണ് മക്കൾ.
കണ്‍സർവേറ്റീവ് പാർട്ടി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തെക്കേഇന്ത്യക്കാരനായ ടോം ആദിത്യ, ടോണ്‍ അവണ്, സോമർസെറ്റ് പോലീസ് പാനലിന്റെ വൈസ് ചെയർമാനും ബ്രിട്ടീഷ് മൾട്ടി ഫൈത്ത് ഫോറത്തിന്റെ ചെയർമാനും കൂടിയാണ്.
കണ്‍സർവേറ്റീവ് പാർട്ടി ടിക്കറ്റിന്റെ കീഴിൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളിൽ ബ്രാഡ്ലി സ്റ്റോക്ക് സൗത്ത് നിയോജക മണ്ഡലത്തിൽനിന്നു ടോം വിജയിച്ചിരുന്നു.
കൗണ്‍സിലിലെ വിവിധ കമ്മിറ്റികളിൽ ഡെപ്യൂട്ടി മേയറായും പ്ലാനിംഗ്, ഗതാഗത-പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.
ബ്രിട്ടനിൽ മേയറായി എരുമേലിയുടെ മരുമകൻ
12:04 AM May 26, 2019 | Deepika.com