തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള ധാർമിക ഉത്തരവാദിത്വം പിണറായി വിജയൻ കാണിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കേരളത്തിലെ 126 നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തെ ജനങ്ങൾ നിരാകരിക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കണ്ടത്. ഇടതുപക്ഷത്തിനോടുള്ള ജനവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ സ്ഥാനാർഥികൾ എ. പ്രദീപ്കുമാറും വീണാ ജോർജും അവരുടെ മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തായി. ജനസമ്മിതി നഷ്ടപ്പെട്ട സ്ഥിതിക്ക് ഇരുവരും എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നും പി.എസ്.ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതിന്റെ തെളിവാണ് ഇടതുമുന്നണിക്കുണ്ടായ പരാജയം. ജാതിമത പ്രീണനം നടത്തിയാണു യുഡിഎഫ് വിജയം നേടിയത്. പാർട്ടി ദേശീയ നേതാക്കളുടെ തീയതി ലഭിച്ചതിന് ശേഷം അടുത്തയാഴ്ച തെരഞ്ഞെടുപ്പ് വിശകലനയോഗം ചേരും. മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ആഹ്ലാദ ദിനമായി ആഘോഷിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവയ്ക്കണം: ശ്രീധരൻ പിള്ള
01:58 AM May 25, 2019 | Deepika.com