കൽപ്പറ്റ: ജോസഫ് തൊണ്ടിപ്പറന്പിലച്ചന്റെ സംസ്കാരം ഇന്നു സന്ധ്യയ്ക്ക് ഏഴോടെ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ നടവയൽ ഹോളി ക്രോസ് ഫൊറോന ദേവാലയത്തിൽ നടത്തുമെന്നു മാനന്തവാടി രൂപത പിആർഒ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 20നു ഈജിപ്തിലെ കയ്റോയിൽ അന്തരിച്ച ഫാ.തൊണ്ടിപ്പറന്പിലിന്റെ ഭൗതികശരീരം ഇന്നു രാവിലെ 8.30ന് കരിപ്പൂർ വിമാനത്താവളത്തിലും നടപടി പൂർത്തിയാക്കി ഉച്ചകഴിഞ്ഞു രണ്ടോടെ നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിലും എത്തിക്കും. വൈകുന്നേരം നാലു വരെ മൃതദേഹം ദേവാലയ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം വിശുദ്ധ കുർബാനയോടെ നാലിന് ആരംഭിക്കും. വിശുദ്ധ കുർബാന സമയത്തും തുടർന്നു രാത്രി ഏഴു വരെയും പൊതുജനങ്ങൾക്കു കാണാനും ആദരാഞ്ജലി അർപ്പിക്കാനും സൗകര്യം ഉണ്ടാകും. പള്ളിയിലേക്കു വരുന്ന മുഴുവൻ വാഹനങ്ങളും നടവയൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്കു ചെയ്യണമെന്നും പിആർഒ ഓഫീസ് അറിയിച്ചു.
റവ.ഡോ.ജോസഫ് തൊണ്ടിപ്പറന്പിലിന്റെ സംസ്കാരം ഇന്ന്
01:56 AM May 25, 2019 | Deepika.com