ചേർത്തല: ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ എ.എം. ആരിഫിന്റെ വിജയം ജില്ലാ കോണ്ഗ്രസ് നേതൃത്വത്തിന്റെ ഈഴവ വിരുദ്ധ നിലപാടുകളോടുള്ള ചുട്ട മുറുപടിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ജില്ലയിലെ കോണ്ഗ്രസ് നേതാക്കളിൽ ഒരു വിഭാഗം കാലങ്ങളായി തുടരുന്ന യോഗ വിരുദ്ധ നിലപാടിനു സമുദായാംഗങ്ങൾ നൽകിയതാണ് തെരഞ്ഞെടുപ്പ് ഫലം. ഈഴവരുടെയും പിന്നോക്കക്കാരുടെയും വോട്ട് ആരിഫിനു ലഭിച്ചു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്പോൾ മുന്നണി സ്ഥാനാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതു പരാജയം തന്നെയാണ്.
അടിസ്ഥാനവർഗത്തെ ഒപ്പം നിർത്തിയില്ലെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന യാഥാർഥ്യം ഇടതുനേതൃത്വം മനസിലാക്കണം. തെരഞ്ഞെടുപ്പിനു മുന്നേ ആരിഫ് വിജയിക്കുമെന്നും ബിജെപിക്കു വോട്ടുകൾ കൂടുതൽ ലഭിക്കുമെന്നു പറഞ്ഞതും യാഥാർഥ്യമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരിഫിന്റെ വിജയം ഈഴവ വിരുദ്ധ നിലപാടിനുള്ള മറുപടിയെന്ന് വെള്ളാപ്പള്ളി
02:29 AM May 24, 2019 | Deepika.com