തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ചരിത്രത്തിലെ കേരളത്തിന്റെ റിക്കാർഡ് ഭൂരിപക്ഷം കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരിൽ. വയനാട്ടിൽ മത്സരിച്ച രാഹുൽഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണു കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്റെ ഉടമയാകുന്നത്.
രാഹുൽ ഗാന്ധിക്ക് 7,06,367 വോട്ട് ലഭിച്ചപ്പോൾ, എതിർ സ്ഥാനാർഥി എൽഡിഎഫിലെ പി.പി. സുനീറിന് 2,74,597 വോട്ടു മാത്രമാണു നേടാനായത്. ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു.
ഭൂരിപക്ഷ റിക്കാർഡ് ഭേദിച്ചവരിൽ മലപ്പുറത്തു നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുമുണ്ട്. 2,60,050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കുഞ്ഞാലിക്കുട്ടി മണ്ഡലം നിലനിർത്തിയത്. ഇതു മലപ്പുറം മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷമാണ്. കുഞ്ഞാലിക്കുട്ടിക്ക് 5,89,153 വോട്ട് ലഭിച്ചപ്പോൾ, എതിർ സ്ഥാനാർഥി എൽഡിഎഫിലെ വി.പി. സാനുവിനു 3,29,103 വോട്ട് മാത്രമാണു നേടാനായത്.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്നു 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 5,15,330 വോട്ടും 1,71,023 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. 55.34 ശതമാനം വോട്ട് അദ്ദേഹത്തിനു കിട്ടി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തു നിന്നു വിജയിച്ച യുഡിഎഫിലെ ഇ. അഹമ്മദിന്റെ പേരിലായിരുന്നു ഇതുവരെ മികച്ച ഭൂരിപക്ഷം. അന്ന് 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണു നേടിയത്. ഇ. അഹമ്മദ് 4,37,723 വോട്ട് നേടിയപ്പോൾ, എതിർ സ്ഥാനാർഥി എൽഡിഎഫിലെ പി.കെ. സൈനബയ്ക്ക് 2,42,984 വോട്ടു ലഭിച്ചു. 2009ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം.ഐ. ഷാനവാസ് 1,53,439 വോട്ടിനു വയനാട്ടിൽ നിന്നു വിജയിച്ചിരുന്നു.
മണ്ഡല തലത്തിലും ഒട്ടേറെ റിക്കാർഡുകൾ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിറന്നിട്ടുണ്ട്. തിരുവനന്തപുരത്തും പൊന്നാനിയിലും ഇടുക്കിയിലും കൊല്ലത്തുമെല്ലാം ഉയർന്ന ഭൂരിപക്ഷമാണ് ഇക്കുറിയുണ്ടായത്.
1967ലെ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ എ.കെ. ഗോപാലൻ 1,18,510 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. പൊന്നാനിയിൽ മത്സരിച്ച ലീഗിന്റെ ജി.എം. ബനാത്ത്വാല അഞ്ചു തവണ ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം നേടിയിരുന്നു. സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2004 ൽ മൂവാറ്റുപുഴയിൽ ഐഎഫ്ഡിപി സ്ഥാനാർഥിയായി മത്സരിച്ച പി.സി. തോമസിന്റെ പേരിലാണ്. അന്ന് 529 വോട്ടിനാണ് എൽഡിഎഫിലെ പി.എം. ഇസ്മായിലിനെ പി.സി. തോമസ് പരാജയപ്പെടുത്തിയത്.
ഒന്പതു പേരുടെ ഭൂരിപക്ഷം ലക്ഷം കടന്നു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു വിജയിച്ചവരിൽ ഒന്പതു പേരുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.
ഇതിൽ വയനാട്ടിൽ മത്സരിച്ച കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്തെ റിക്കാർഡ് ഭൂരിപക്ഷമായ 4.32 ലക്ഷം വോട്ട് നേടിയപ്പോൾ, മലപ്പുറത്തു യുഡിഎഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്കു 2.60 ലക്ഷം കടന്നു.
യുഡിഎഫ് സ്ഥാനാർഥികൾ മാത്രമാണ് സംസ്ഥാനത്തു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നേടിയത്. ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി)- 1,93,230, ഡീൻ കുര്യാക്കോസ്- 1,71,053, രമ്യ ഹരിദാസ് (ആലത്തൂർ)- 1,58,968, ഹൈബി ഈഡൻ- 1,69,153, ബെന്നി ബെഹനാൻ (ചാലക്കുടി)- 1,32,274, തോമസ് ചാഴികാടൻ (കോട്ടയം)- 1,06,259.
രാഹുലിന്റെ ഭൂരിപക്ഷം 4.31 ലക്ഷം
01:53 AM May 24, 2019 | Deepika.com