തിരുവനന്തപുരം: കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ഏകോപന സമിതിയായ കൗണ്‍സിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് കേരളയുടെ 11-ാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ 25,26 തീയതികളിൽ നടക്കും. 25-ന് രാവിലെ കണ്ണൂർ മേയർ ഇ.പി. ലത സെന്റ് മൈക്കിൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ (റവ. ഫാ. പീറ്റർ കെയ്റോണി നഗർ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ, സിഎസ്ഐ കൊല്ലം-കൊട്ടാരക്കര ബിഷപ് റവ. ഡോ. ഉമ്മൻ ജോർജ്, ഫാ. ജോണ്‍ അരീക്കൽ, റവ. ഷാജു സൈമണ്‍, മാഗ്ലിൻ ജെറി (എൻസിഡിസി) തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന പ്ലീനറി സമ്മേളനത്തിൽ ദലിത് ക്രൈസ്തവരുടെ വികസന വെല്ലുവിളികളെപ്പറ്റി പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ മുൻ ചെയർമാന്മാരായ മത്തായി ചാക്കോ, ഷിൻസ് പീറ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സംഘടനാ റിപ്പോർട്ട് ജനറൽ കണ്‍വീനർ വി.ജെ. ജോർജ് അവതരിപ്പിക്കും.
26നു രാവിലെ 11ന് വനിതാ - യുവജന സമ്മേളനം ടി.വി. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജെസി പീറ്റർ (എൻസിഡിസി) മുഖ്യ സന്ദേശം നൽകും. ഡോ. കെ.വി. ഫിലോമിന പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് ഫാ. പീറ്റർ കെയ്റോണിയുടെ അനുസ്മരണ സമ്മേളനം നടക്കും. ഉച്ചയ്ക്ക് മൂന്നിന് റാലിയും തുടർന്ന് സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനവും നടക്കും. സമാപന സമ്മേളനം മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സിഎസ്ഐ മധ്യകേരള മഹായിടവക സെക്രട്ടറി ഡോ. സൈമണ്‍ ജോണ്‍, സിഎസ്ഐ ദക്ഷിണകേരള മഹായിടവക ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോർജ്, ഡിസിഎംഎസ് സംസ്ഥാന അധ്യക്ഷൻ ജയിംസ് ഇലവുങ്കൽ എന്നിവർ പങ്കെടുക്കും.
കണ്ണൂരിൽ നടക്കുന്ന സിഡിസി സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കെ.ജി. വർഗീസ് ചെയർമാനായും കെ.ബി. സൈമണ്‍ കണ്‍വീനറായും 101 അംഗ സ്വാഗത സംഘം സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടത്തും. ഉത്തരമേഖല കണ്‍വീനർ ദേവസി കുറ്റൂർ മുഖ്യസംഘാടകനാണ്.
സിഡിസി സംസ്ഥാന സമ്മേളനം കണ്ണൂരിൽ
12:39 AM May 23, 2019 | Deepika.com