തൃശൂർ: ഇടനിലക്കാർക്കു കൈമാറാനായി കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി മൂന്നു തമിഴ്നാട് സ്വദേശികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടി. തമിഴ്നാട് സ്വദേശികളായ തിരുപ്പൂർ പാറപാളയം അയ്യനഗർ സ്ട്രീറ്റിൽ കറുപ്പയ്യ(34), ആണ്ടിപ്പട്ടി കമനാത്തൂഴ് രംഗനാഥപുരം സ്ട്രീറ്റിൽ സെന്തിൽകുമാർ(38), ആണ്ടിപ്പട്ടി വൈഗ നഗറിൽ കണ്ടമളയ്കുണ്ടു സ്ട്രീറ്റിൽ ചെല്ലദുരൈ(35) എന്നിവരെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ ജിജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ ഒമ്പതരയ്ക്കാണ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിൽനിന്ന് ഇവരെ പിടികൂടിയത്. ഓരോരുത്തരും മൂന്നു ബാഗുകളുമായി സംശയകരമായ രീതിയിൽ നിൽക്കുന്നതുകണ്ട് ഇവരെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവാണ് ബാഗിലെന്നു വ്യക്തമായത്.
കഴിഞ്ഞദിവസം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പട്ടിക്കാട് ജംഗ്ഷനിൽ വച്ച് പത്തുകിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് കഞ്ചാവുമായി സംഘം തൃശൂരിലെത്തുന്നുണ്ടെന്ന് അറിഞ്ഞത്.
എക്സൈസ് സംഘം ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിലും റോഡുകളിലും സ്റ്റാൻഡുകളിലുമൊക്കെ പരിശോധന നടത്തിവരികയായിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെ നേരത്തെ 370 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ട്രെയിനിൽനിന്നാണ് ഇതു പിടികൂടിയത്.
21 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
01:04 AM May 22, 2019 | Deepika.com