തിരുവനന്തപുരം: ജലസംഭരണികളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിനു കേന്ദ്രീകൃത കമാൻഡ് സെന്ററും ജലവിഭവ മാനേജ്മെന്റിന്റെ ഭാഗമായി റിവർ ബേസിൻ മാനേജ്മെന്റ് അഥോറിറ്റിയും രൂപീകരിക്കുമെന്നു മന്ത്രിസഭ അംഗീകരിച്ച കേരള പുനർനിർമാണ വികസന പരിപാടിയുടെ (റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം) കരട് രേഖ.
ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കുമെന്നും ഡാം സേഫ്റ്റി അഥോറിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കരടു രൂപരേഖയിൽ പറയുന്നു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമാണമാണ് ലക്ഷ്യം. ദുരന്തങ്ങളുണ്ടാകുന്പോൾ ആൾനാശം ഇല്ലാതാക്കുകയാണു മുഖ്യം.നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങൾ ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷി കുറഞ്ഞതാണ്.
ജലവിതരണം മെച്ചപ്പെടുത്തൽ, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിർമിക്കൽ, കൃഷിരീതികൾ മെച്ചപ്പെടുത്തൽ, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തൽ, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്നിവയെല്ലാം പുനർനിർമാണ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിട്ടുണ്ട്. നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനർനിർമാണം നടപ്പാക്കുകയെന്നും കരടു രേഖയിൽ പറയുന്നു.
ഡാമുകളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിനു കേന്ദ്രീകൃത കമാൻഡ് സെന്റർ രൂപീകരിക്കും
12:47 AM May 22, 2019 | Deepika.com