കൊച്ചി: വീടിനകത്തും പച്ചക്കറിക്കൃഷി ചെയ്യാവുന്ന പുതിയ സംവിധാനവുമായി മലയാളി വീട്ടമ്മ. ആലുവ സ്വദേശിയായ മായ വർഗീസ് ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വെർട്ടിഗ്രോവ് എന്ന നൂതന കൃഷിമാർഗത്തിലൂടെ ചെറിയ വീടുകളുടെയും ഫ്ളാറ്റുകളുടെയും ഉള്ളിൽപ്പോലും ലളിതമായി പച്ചക്കറി വിളയിക്കാനാകും.
നാലു ചതുരശ്രയടി സ്ഥലത്ത് മുപ്പതോളം പച്ചക്കറിച്ചെടികൾ നട്ടുവളർത്താൻ കഴിയും. മനോഹരമായ രൂപകൽപനയും വിന്യാസവുമായതുകൊണ്ട് സിറ്റിംഗ് റൂമിലും ബെഡ്റൂമിലും വരെ വയ്ക്കാം.
അടിഭാഗത്ത് കാസ്റ്ററുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ എളുപ്പത്തിൽ ഉരുട്ടിമാറ്റാനും സൗകര്യമുണ്ട്. സൗകര്യമനുസരിച്ചും സൂര്യപ്രകാശത്തിന്റെ ലഭ്യത നോക്കിയും മാറ്റിസ്ഥാപിക്കാം. തൂക്കിയിടാവുന്ന മോഡലുകളിൽ പൂച്ചെടികളും വളർത്താം.
മൂന്നു വ്യത്യസ്ത മോഡലുകളിലാണ് വെർട്ടിഗ്രോവ് വിപണിയിലെത്തിച്ചിരിക്കുന്നത്. കന്പോസ്റ്റ് കോളവും ഉരുട്ടിമാറ്റാൻ കാസ്റ്ററുകളുമുള്ള പെഡസ്റ്റൽ ടൈപ്പാണ് അതിലൊന്ന്. കന്പോസ്റ്റ് കോളം ഇല്ലാത്ത പെഡസ്റ്റൽ ടൈപ്പും കന്പോസ്റ്റ് കോളം ഇല്ലാത്ത തൂക്കിയിടാവുന്ന ടൈപ്പുമാണു മറ്റു രണ്ടെണ്ണം. 30 ചെടികളുള്ള ഒരു സെറ്റിന് 6500 രൂപയാണെങ്കിലും പ്രാരംഭ ഓഫർ എന്ന നിലയിൽ 4900 രൂപയ്ക്കു ലഭിക്കും.
ഈ രീതിയിലൂടെ വിവിധ ഇനം ചീരകൾ, ലെറ്റിയൂസ്, പാലക്, പുതിന, മല്ലി, സെലറി, പേഴ്സ് ലി, ഒറിഗാനോ (കാട്ടുമറുവ), കാബേജ് തുടങ്ങി എല്ലാ ഇലക്കറികൾക്കും പച്ചമുളകിനും പുറമേ എല്ലാ പച്ചക്കറിയിനങ്ങളും വെർട്ടിഗ്രോയിൽ വളർത്തിയെടുക്കാമെന്നു മായ പറയുന്നു.
ഓട്ടോമേറ്റഡ് റീചാർജബിൾ ബാറ്ററി പവറിന്റെ സഹായത്തോടെ ഏഴു ദിവസം വരെ മനുഷ്യസഹായമോ സാന്നിധ്യമോ ഇല്ലാത്തപ്പോഴും വെർട്ടിഗ്രോയിൽ ജലസേചനം നടത്താം.
ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രോ യുവർ ഓണ് ഫുഡിന്റെ നഴ്സറി പ്രൊഡക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചുനൽകുന്നത്. ഫോൺ: 1800 103 7322. വെബ്സൈറ്റ് www.vertigrove.com
ഇനി വീടിനകത്തും പച്ചക്കറിക്കൃഷി
12:47 AM May 22, 2019 | Deepika.com