തിരുവനന്തപുരം: എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും കേരളത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല എക്സിറ്റ് പോളുകളും പ്രവചിച്ച കാര്യങ്ങൾ പാളിപ്പോയ ചരിത്രമുണ്ട്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ തന്നെ അധികാരത്തിൽ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം. പക്ഷേ വന്നത് യുപിഎ ആണ്. ഒരൂഹത്തെപ്പറ്റി വേറെ ഉൗഹങ്ങൾ വച്ച് ഇപ്പോൾ ചർച്ച നടത്തേണ്ട ആവശ്യമില്ല. ഫലപ്രഖ്യാപനം വരെ കാത്തിരിക്കുകയല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. കേരളത്തിൽ എൽഡിഎഫ് വലിയ വിജയം നേടും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും മനസിലായി. ഇപ്പോൾ അവരുടെ ഇടയിൽതന്നെ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ആദ്യമെടുത്ത നടപടിയും തെരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ച നടപടിയും അതാണ്. ഇപ്പോൾ തന്നെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതാധികാര സമിതി അവിടെയുള്ള പ്രവൃത്തികൾ അതിവേഗത്തിൽ തീർക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. അടുത്ത ശബരിമല സീസണ് ആകുന്പോഴേക്കും ഇതേവരെ കണ്ട ശബരിമലയായിരിക്കില്ല കാണാൻ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എക്സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി
02:09 AM May 21, 2019 | Deepika.com