തൊടുപുഴ: കേരള കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ട സാഹചര്യം നിലവിലില്ലെന്നു വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു. സമവായത്തിലൂടെയാണ് ചെയർമാനെ തെരഞ്ഞെടുക്കേണ്ടത്. താൻ ചെയർമാനും ജോസ് കെ. മാണി വർക്കിംഗ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ടു വച്ചിട്ടുണ്ട്.
പാർലമെന്ററി പാർട്ടി ലീഡർ മരിച്ചാൽ ഡെപ്യൂട്ടി ലീഡറെ ആ സ്ഥാനം ഏൽപ്പിക്കണമെന്നതാണ് പാർട്ടിയുടെ ചട്ടം. ഇതുപ്രകാരം സി.എഫ്.തോമസ് ആ സ്ഥാനം വഹിക്കാനാണ് തത്വത്തിൽ ധാരണയായിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ സാഹചര്യം വ്യക്തമാക്കണം. ഇപ്പോൾ എന്തെങ്കിലും സാഹചര്യം നിലവിലുള്ളതായി അറിയില്ലെന്നും ജോസഫ് പറഞ്ഞു.താൻ ചെയർമാനും ജോസ് കെ. മാണി വർക്കിംഗ് ചെയർമാനും എന്ന ഫോർമുല ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു. ഇതിനിടെ, പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നതെന്നു റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു.
സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ട സാഹചര്യമില്ല: പി.ജെ. ജോസഫ്
12:50 AM May 21, 2019 | Deepika.com