കോഴിക്കോട്: സിപിഎം മുന്‍നേതാവും തലശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ സി.ഒ.ടി. നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
അക്രമം യാദൃച്ഛികമല്ല, ആസൂത്രിതമാണ്. പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിവിട്ടു പുറത്തുവന്ന നസീര്‍ ഈ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതുപോലെ നസീറിനെയും കൊല്ലാന്‍ വേണ്ടി ആക്രമിച്ചത്. നേരിയ വ്യത്യാസത്തിലാണു നസീര്‍ രക്ഷപ്പെട്ടത്.
കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചു നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം മാറിമാറി ഭരിച്ച എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ അട്ടിമറിക്കുകയായിരുന്നു. കൊലചെയ്ത ക്രിമിനലുകള്‍ പിടിക്കപ്പെട്ടാലും ആസൂത്രണം ചെയ്ത നേതാക്കള്‍ രക്ഷപ്പെടുകയാണ്. അതിനാലാണ് ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
നസീർ വധശ്രമം സിബിഐ അന്വേഷിക്കണം: കൃഷ്ണദാസ്
12:37 AM May 21, 2019 | Deepika.com