രാജകുമാരി: ആനയിറങ്കൽ ജലാശയത്തിൽ ചൂണ്ടയിടുന്നതിനിടെ ആദിവാസി മുങ്ങിമരിച്ചു. ചിന്നക്കനാൽ ടാങ്കുകുടി നിവാസികുടിയിലെ മയിൽസാമിയാണ് (45)മരിച്ചത്. അപസ്മാര രോഗമുള്ള ഇയാൾ ജലാശയത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി രാവിലെ വീട്ടിൽ നിന്നും പോയിരുന്നു.
രാവിലെ 11 നു മീൻ പിടിക്കാൻ എത്തിയവരാണ് മുന്നൂറ്റിയൊന്ന് കോളനിക്ക് എതിർഭാഗത്ത് വെള്ളത്തിൽ മയിൽസാമി കമിഴ്ന്നുകിടക്കുന്നത് കണ്ടത്. മരിച്ചെന്നുതിരിച്ചറിഞ്ഞ ഇവർ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചു. ചൂണ്ടയിട്ടുകൊണ്ടിരിക്കുന്നതിനിടെ വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. മറയൂർ സ്വദേശിയായ ഇയാൾ കുറച്ചുനാൾ മുന്പാണ് കുടുംബസമേതം ടാങ്ക്കുടിയിൽ താമസമാക്കിയത്.
ശാന്തൻപാറ പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ സെൽവി. മക്കൾ: മീനാക്ഷി, സെൽവകുമാർ, പരമേശ്വരി.
മീൻപിടിക്കുന്നതിനിടെ ആദിവാസി മുങ്ങിമരിച്ചു
12:37 AM May 21, 2019 | Deepika.com