തൊടുപുഴ: സീറോ മലബാർസഭാ തലവനായ കർദി നാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തുവാൻ വ്യാജ രേഖകൾ നിർമിച്ച മുഴുവൻ പ്രതികൾക്കെതിരേയും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നു കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റും സഭാ വക്താവുമായ ബിജു പറയന്നിലം ആവശ്യപ്പെട്ടു.
സഭാനേതൃത്വത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. സഭാതലവനെ മോശമായി ചിത്രീകരിച്ചു സഭയുടെ വിശ്വാസ്യത തകർക്കുവാനാണു വ്യാജ രേഖകൾ നിർമിച്ചത്.
സഭയെ തകർക്കുവാനുള്ള ശ്രമങ്ങളെ സഭയും സമുദായവും ഗൗരവമായാണ് കാണുന്നത്. സഭയെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾ വർധിച്ചു വരുന്നതിൽ ആശങ്കയുണ്ട് .ആത്മസംയമനം പാലിക്കുന്നതു ബലഹീനതയായി ആരും കാണരുത്. സഭയുടെ യോജിപ്പും അതിലൂടെയുള്ള വളർച്ചയുമാണ് സമുദായം ആഗ്രഹിക്കുന്നത്. സഭയ്ക്ക് എതിരെയുള്ള നീക്കങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും പറയന്നിലം പറഞ്ഞു .
വ്യാജരേഖ കേസിൽ മുഖംനോക്കാതെ നടപടി വേണം: കത്തോലിക്കാ കോണ്ഗ്രസ്
01:37 AM May 20, 2019 | Deepika.com