ചങ്ങനാശേരി: സെക്കൻഡറി - ഹയർസെക്കൻഡറി ഏകോപനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഖാദർ കമ്മീഷൻ ശിപാർശകൾ സർക്കാർ നടപ്പാക്കിയാൽ ഇപ്പോൾ നല്ല രീതിയിൽ നടക്കുന്ന പൊതുവിദ്യാഭ്യാസമേഖല തകരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറപിടിച്ചുകൊണ്ട് കേരള സർക്കാർ ഏകപക്ഷീയമായി ഇത്തരത്തിൽ ഒരു റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നതു ശരിയല്ല.
വർഷങ്ങളുടെ പഠനത്തിലൂടെ വിജയകരമായി മുന്നേറുന്ന 10+2+3 വിദ്യാഭ്യാസഘടനയെ തികച്ചും അനവധാനതയോടെ പൊളിച്ചെഴുതുന്നതു യുക്തിഭദ്രമല്ല.
വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചു വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കുന്നതിനു അവസരം ഒരുക്കുന്ന ഹയർ സെക്കൻഡറി മേഖല പ്രത്യേകമായിതന്നെ പരിഗണിക്കേണ്ട വിഭാഗമാണ്. വിദ്യാർഥികളുടെ വളർച്ചയെയും മാനസികവികാസത്തെയും സംബന്ധിച്ച നിലവിലുള്ള ധാരണകളെ പരിഗണിക്കാതെയാണ് ഖാദർകമ്മീഷൻ റിപ്പോർട്ടിലെ ഘടനാപരിഷ്കരണ ശിപാർശകളെന്നു കാണാം. ഏകീകരണത്തെത്തുടർന്ന് വരാവുന്ന പാഠ്യപദ്ധതി ലഘൂകരണം ദേശീയതലമത്സരപ്പരീക്ഷകളിൽനിന്നു വിദ്യാർഥികളെ പിന്തള്ളുമെന്ന ആശങ്ക പൊതുവിദ്യാലയങ്ങളിൽനിന്നു വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനു കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല.
പഞ്ചായത്ത് എഡ്യൂക്കേഷൻ ഓഫീസറുടെ നിയമനത്തിലൂടെ വിദ്യാലയങ്ങളുടെ ദൈനംദിനപ്രവർത്തനങ്ങളിലും അക്കാദമിക കാര്യങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാൃ പനങ്ങൾക്ക് അനിയന്ത്രിതമായി ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് പഞ്ചായത്തുകളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ പ്രോജക്ടുകൾ ചിട്ടപ്പെടുത്താനും പഠനപ്രവർത്തനങ്ങളുടെ ഏകീകൃതസ്വഭാവവും ഗുണവും നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും.
എട്ടു മുതൽ 12 വരെ ഒരു യൂണിറ്റായി പരിഗണിച്ച് തസ്തികനിർണയം നടത്തുന്പോൾ ഭാവിയിൽ പരോക്ഷമായി അധ്യാപക നിയമന നിരോധനം ഉണ്ടാവുകയും അതുവഴി വിദ്യാഭ്യാസ മേഖലയിൽ തൊഴിലില്ലായ്മ വർധിക്കുകയും ചെയ്യും.
കമ്മീഷൻ റിപ്പോർട്ട് ശിപാർശ ചെയ്യുന്ന അധികാരകേന്ദ്രീകരണം നിലവിലുള്ള സെക്കൻഡറി - ഹയർ സെക്കൻഡറി ജീവനക്കാരെ പലതട്ടുകളിലാക്കുകയും അധികാരത്തർക്കങ്ങളിലേക്കും സീനിയോരിറ്റി തർക്കങ്ങളിലേക്കും കോടതിവ്യവഹാരങ്ങളിലേക്കും നയിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, പ്രസ്തുത റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പുനർചിന്തനം ആവശ്യമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
ഖാദർ കമ്മീഷൻ ശിപാർശ; വിദ്യാഭ്യാസമേഖലയെ തകർക്കും: എൻഎസ്എസ്
11:59 PM May 19, 2019 | Deepika.com