കോഴിക്കോട് : അധ്യാപകൻ ആൾമാറാട്ടം നടത്തി വിദ്യാർഥികൾക്കായി പരീക്ഷയെഴുതിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കോഴിക്കോട് മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും അഡീഷണൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവർക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച കോഴിക്കോട് റൂറൽ എസ്പി യു. അബ്ദുൾ കരീമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലുമായ കെ. റസിയക്കെതിരേ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ, തെരച്ചിൽ വഴിതിരിച്ചു വിടാൻ ഇവരുടെ സിം കാർഡുകൾ മറ്റാരുടെയെങ്കിലും ഫോണിലിട്ട് ഉപയോഗിക്കുന്നുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതികൾ സംസ്ഥാനം വിട്ട് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. മുക്കം സിഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിദ്യാർഥികളുടെ മൊഴിയെടുത്തു.
വിദ്യാർഥികൾക്കായി പരീക്ഷയെഴുതിയ സംഭവം: അധ്യാപകർക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്
01:06 AM May 19, 2019 | Deepika.com