ചേർത്തല: പൗരോഹിത്യ സുവർണ ജൂബിലിയാഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന് ജന്മനാടിന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തിൽ ഇന്നു സ്വീകരണം നല്കും. മാതൃഇടവകയായ കോക്കമംഗലം മാർത്തോമ തീർഥാടന ദേവാലയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന കൃതജ്ഞതാബലിക്ക് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ബിഷപ് മാർ ജോസഫ് ചേന്നോത്തിനെ ആദരിക്കും.
ഇതോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനകർമം സീറോ മലങ്കര മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കോക്കമംഗലം വികാരി ഫാ. തോമസ് പെരേപ്പാടനു സുവനീറിന്റെ കോപ്പി നൽകി നിർവഹിക്കും. മുട്ടം ഫൊറോന വികാരി റവ.ഡോ.പോൾ വി. മാടൻ സ്കോളർഷിപ്പുകൾ വിതരണംചെയ്യും. ഡിജിപി ടോമിൻ ജെ. തച്ചങ്കരി മുഖ്യപ്രഭാഷണം നടത്തും. എ.എം. ആരീഫ് എംഎൽഎ, ഫാ. ജോസഫ് കറുകയിൽ, സെബാസ്റ്റ്യൻ ടി. മങ്കുഴിക്കരി എന്നിവർ പ്രസംഗിക്കും. ജൂബിലേറിയൻ ബിഷപ് മാർ ജോസഫ് ചേന്നോത്ത് മറുപടി പ്രസംഗം നടത്തും.
ഡോ.സാൽബി പോൾ ചേന്നോത്ത് സ്വാഗതവും മാത്യു മങ്കുഴിക്കരി നന്ദിയും പറയും. കോക്കമംഗലം ചേന്നോത്ത് ജോസഫ്- മറിയക്കുട്ടി ദന്പതികളുടെ മകനായ മാർ ചേന്നോത്ത് 1969 മേയ് നാലിന് ഓസ്ട്രേലിയയിലാണ് പൗരോഹിത്യം സ്വീകരിച്ചത്. പോൾ ആറാമൻ പാപ്പായിൽനിന്നു മോണ്സിഞ്ഞോർ പദവി സ്വീകരിച്ച അദ്ദേഹത്തെ 1999ൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ ആർച്ച്ബിഷപ് ആയി ഉയർത്തി.
മാർപാപ്പയുടെ പ്രതിനിധിയായി നിരവധി രാജ്യങ്ങളിൽ സേവനം ചെയ്ത മാർ ചേന്നോത്ത് ഇപ്പോൾ ജപ്പാനിൽ വത്തിക്കാൻ പ്രതിനിധിയാണ്.
മാർ ജോസഫ് ചേന്നോത്തിന് ഇന്നു ജന്മനാടിന്റെ ആദരവ്
12:43 AM May 18, 2019 | Deepika.com