കൊച്ചി: സഭയുടെ പ്രേഷിത ശുശ്രൂഷകളിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോ മലബാർ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നാലാമത് അന്താരാഷ്ട്ര ബെനഫാക്ടേഴ്സ് ദിനാചരണം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാർ മിഷൻ ഡയറക്ടർ ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. മിഷൻ മേഖലകളിൽ വൈദിക, സന്യാസ പരിശീലനം നടത്തുന്നവരെ സാന്പത്തികമായും പ്രാർഥനയിലൂടെയും സഹായിക്കേണ്ടതു നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സീറോ മലബാർ മിഷൻ ഡിപ്പാർട്ട്മെന്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറി ഫാ. സിജു അഴകത്ത് ചർച്ചകൾക്കു നേതൃത്വം നൽകി. സമ്മേളനത്തിൽ നൂറോളം അല്മായരും പതിനഞ്ചോളം നവവൈദികരും പങ്കെടുത്തു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സിസ്റ്റർ അരുണ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവർ സഭയുടെ പ്രേഷിത ശുശ്രൂഷയിൽ പങ്കാളികളാകേണ്ടവർ : മാർ ആലഞ്ചേരി
12:50 AM May 15, 2019 | Deepika.com