പാലാ: ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പഞ്ചദിന സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാന്പ് 27ന് വൈകുന്നേരം നാലിനു പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങും. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ക്യാന്പ് ഉദ്ഘാടനംചെയ്യും. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മുൻഅംഗം ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ, പ്രഫ.ജോർജ് ജോസഫ് എന്നിവർ പ്രസംഗിക്കും.
ഈ വർഷം സിവിൽ സർവീസ് ഇന്റർവ്യൂവിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആര്യ ആർ. നായർക്കു സ്വീകരണം നൽകും. റാങ്ക് ജേതാവ് അനൂപ് ബിജിലി ക്യാന്പ് അംഗങ്ങളുമായി സംവദിക്കും. ക്യാന്പിന്റെ ഭാഗമായി എല്ലാ ദിവസവും യോഗാചാര്യ ജോസ് പെരിയപ്പുറം നയിക്കുന്ന യോഗാ പരിശീലനവും ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി കൃഷ്ണദാസിന്റെ ഹെൽത്ത് ക്ലാസും കലാമത്സരങ്ങളും ഉണ്ടായിരിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി റ്റി.കെ. ജോസ്, മുൻ ഡിജിപി ഡോ. അലക്സാണ്ടർ പി. ജേക്കബ്, കുടുംബശ്രീ ഡയറക്ടർ എസ്. ഹരികിഷോർ, പത്തനംതിട്ട കളക്ടർ പി.ബി. നൂഹ്, മുംബൈ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ജ്യോതിസ് മോഹൻ, പോസ്റ്റൽ സർക്കിൾ സൂപ്രണ്ട് അലക്സിൻ ജോർജ് തുടങ്ങിയവർ വിവിധ വിഷങ്ങളിൽ ക്ലാസുകൾ നയിക്കും. വ്യക്തിത്വ വികസന പരിശീലനത്തിൽ ഗിന്നസ് ഡോ. ബിനു കണ്ണന്താനം, ജെസ്റ്റിൻ തോമസ്, ഡോ. റ്റി.സി. തങ്കച്ചൻ, ഡോ.അലക്സ് ജോർജ് എന്നിവർ നയിക്കുന്ന ചർച്ചകളും പ്രഫ. ജോസ് ജെയിംസ് നേതൃത്വം കൊടുക്കുന്ന ക്വിസ് മത്സരവും ഉണ്ടാകും. ക്യാന്പിന്റെ ഭാഗമായി 30ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം, വാഗമണ് പൈൻ ഗാർഡൻസ്,അരുവിത്തുറ വല്ല്യച്ചൻമല എന്നിവിടങ്ങളിലേക്കു ഹരിത തീർഥാടനവും നടക്കും.
മേയ് ഒന്നിന് ഉച്ചകഴിഞ്ഞു നടക്കുന്ന സമാപന സമ്മേളനത്തിൽ കൊച്ചി മെട്രോ എം.ഡി മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരിക്കും. ഡോ. ബേബി തോമസ്, ജോസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിക്കും.
പാലായിൽ പഞ്ചദിന സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാന്പ് 27 മുതൽ
12:19 AM Apr 26, 2019 | Deepika.com