തിരുവനന്തപുരം: കാർഷികകടങ്ങൾക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നത് അടക്കമുള്ള സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇളവ് അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. വോട്ടെടുപ്പ് കഴിഞ്ഞതോടെയാണു പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട മുൻനിലപാടിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വോട്ടെണ്ണൽ ദിവസമായ മേയ് 23 വരെ നിലവിലുണ്ടാകുമെങ്കിലും സർക്കാർ പരിപാടികളും വികസന പദ്ധതികളും തടസമുണ്ടാവാതിരിക്കാവുന്നവിധം ഇളവുകൾ നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. മോറട്ടോറിയം ഫയലിലും കമ്മീഷന്റെ അനുകൂല നടപടി പ്രതീക്ഷിക്കാം.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തീരുമാനങ്ങളിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പരിശോധിച്ച് ആവശ്യമായവയിൽ കമ്മീഷന്റെ അനുമതി തേടണമെന്ന നിലവിലുള്ള നടപടിക്രമം തുടരും. ഇത്തരം ഫയലുകളിൽ ആവശ്യമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടിയ ശേഷമാകും അനുമതി നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
പെരുമാറ്റച്ചട്ടങ്ങളിൽ ഇളവുവരും
01:13 AM Apr 25, 2019 | Deepika.com