വാഴക്കുളം: വ്യക്തികളിലൂടെ സമൂഹമൊന്നാകെ പരിഗണിക്കപ്പെടുന്ന സാമൂഹിക പ്രതിബദ്ധതയാണ് കാലത്തിനാവശ്യമെന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിത ശൈലി പിന്തുടരുകയാണ് മൂവാറ്റുപുഴ സിഎംഐ കാർമൽ പ്രൊവിൻസ്. ലാളിത്യത്തിന്റെ രജതജൂബിലി വർഷത്തിൽ ഒരുപിടി കർമപദ്ധതികളാണ് പ്രൊവിൻസ് നൽകുന്നത്.
ചാവറ ഭവനപദ്ധതി, ഉന്നത വിദ്യാഭ്യാസ പ്രോൽസാഹന പദ്ധതി, ചാവറ സ്കോളർഷിപ്പ്, പ്രാഥമിക വിദ്യാഭ്യാസ സഹായം, സാധു പെണ്‍കുട്ടികൾക്കും വികലാംഗർക്കുമായുളള കാർമൽ മാലയോഗം വരണമാല്യം പദ്ധതികൾ, വികലാംഗ പുനരുദ്ധാരണം ലക്ഷ്യമിട്ടുളള ഡിജിറ്റൽ തെറാപ്പി, ജൈവകൃഷി, ആയുർവേദ, പരിസ്ഥിതി സംരക്ഷണം വിഭാവനം ചെയ്യുന്ന ഗോഗ്രീൻ പദ്ധതി, ചികിത്സാ സഹായവും ഭക്ഷണ വിതരണവും, ജയിൽ മിനിസ്ട്രി പ്രൊജക്ട് തുടങ്ങിയവയാണ് പ്രധാനമായും ജൂബിലി സ്മാരക പ്രവർത്തനങ്ങൾ.
ഇടുക്കി, കോതമംഗലം രൂപതകൾ പ്രവർത്തനപരിധിയുളള പ്രദേശങ്ങളിലെ 25 വീടുകളാണ് ചാവറ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ പ്രളയകാലത്തെ വെളളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കേടുപാടുകൾ സംഭവിച്ച വീടുകളിൽ പൂർണമായോ ഭാഗികമായോ പുനരുദ്ധാരണം ആവശ്യമായവർക്കാണ് ഭവനപദ്ധതി സഹായം നൽകിയത്.
ഉന്നത വിദ്യാഭ്യാസ പദ്ധതിയിൽ 25 നഴ്സിംഗ് വിദ്യാർഥികളുടെ പഠന സഹായമാണ് പ്രൊവിൻസ് നൽകുന്നത്. ഒപ്പം 400 കുട്ടികൾക്ക് പ്രാഥമികതല വിദ്യാഭ്യാസ സൗകര്യവും നൽകുന്നു. ജൂബിലി വർഷത്തിൽ തുടങ്ങിയ ഡിജിറ്റൽ തെറാപ്പി വികലാംഗരുടെ ഭവനസന്ദർശനവും ചികിത്സയും ലക്ഷ്യമിട്ടുളളതാണ്. ജയിൽ മിനിസ്ട്രി പദ്ധതിയിൽ ഇടുക്കി, എറണാകുളം ജില്ലകളിലെ ജയിൽവാസികളുടെ ആശ്രിതർക്ക് തൊഴിൽ, പുനരധിവാസം, പഠനം, ചികിത്സാ സൗകര്യങ്ങളൊരുക്കുന്നു. ചികിത്സാ സഹായവും മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ആഴ്ചയിലൊരിക്കൽ ഒരു നേരം സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്.
സിഎംഐ സഭയിലെ ആദ്യ ഗ്രീൻ പ്രൊവിൻസായ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് ജൈവകൃഷി, ജൈവഭക്ഷ്യ സംസ്കാരം, പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറവിട മാലിന്യ സംസ്കരണവും, ആയുർവേദചര്യ പ്രോൽസാഹനം എന്നിവ പ്രചരിപ്പിക്കാനും നടപ്പാക്കാനുമാണ് ഗോഗ്രീൻ പദ്ധതി. കാർമൽ പ്രവിശ്യയുടെയും ആശ്രമങ്ങളുടെയും ചുറ്റുമുളള രണ്ടായിരം കുടുംബങ്ങളിൽ ജൈവകൃഷി സംസ്കാരം എത്തിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. കാർമൽ ബയോഫാം, ആയുർവേദ ഔഷധത്തോട്ടം എന്നിവയുമുണ്ട്. മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.പോൾ പാറക്കാട്ടേൽ, സോഷ്യൽ വർക്ക് കൗണ്‍സിലർ ഫാ.മാത്യു മഞ്ഞക്കുന്നേൽ എന്നിവരുടെ മേൽനോട്ടത്തിലാണ് സാമൂഹ്യ സേവനപ്രവർത്തനങ്ങൾ രജത ജൂബിലിയുടെ സാമൂഹ്യ സ്മാരകമായി മാറുന്നത്. അടിമാലിയിലെ സോപാനം സാംസ്കാരിക കേന്ദ്രം, ഇടുക്കിയിലെ ശാന്തിഗ്രാം വെൽഫെയർ സെന്റർ, വഴിത്തല ശാന്തിഗിരി വികലാംഗ പുനരുദ്ധാരണകേന്ദ്രം, ഭൂതത്താൻകെട്ടിലെ നിർമൽഗ്രാം വെൽഫെയർ സെന്റർ എന്നിവയും കാർമൽ പ്രൊവിൻസിന്റെ കേന്ദ്രങ്ങളാണ്.
ജോയെൽ നെല്ലിക്കുന്നേൽ
സാമൂഹ്യ പ്രതിബദ്ധതയിലൂന്നി മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന് ജൂബിലിയാഘോഷം
12:03 AM Apr 24, 2019 | Deepika.com