പത്തനംതിട്ട: വിവാഹ വേദിയിൽനിന്നു വധൂ വരൻമാർ നേരെയെത്തിയതു പോളിംഗ് ബൂത്തിലേക്ക്. മൈലപ്ര സ്വദേശികളായ ലിജു സാമുവലും ഡോമ മറിയം മാത്യുവുമാണ് വിവാഹചടങ്ങുകൾ പൂർത്തിയാക്കി മൈലപ്ര എസ്എച്ച് എച്ച്എസ്എസിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തത്.
വോട്ടിന്റെ തീയതി നിശ്ചയിക്കുന്നതിനു മുന്‍പേ വിവാഹം തീരുമാനിച്ചിരുന്നു. ആദ്യം മാറ്റി വയ്ക്കാമെന്ന് ആലോചിച്ചെങ്കിലും ചില സാഹചര്യങ്ങൾ അനുവദിച്ചില്ല. രാജ്യം നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ വോട്ട് നഷ്ടമാക്കാൻ ഇരുവർക്കും മനസു വന്നില്ല. ഇന്നലെ രാവിലെ മൈലപ്ര ബ്രദറണ്‍ സഭാ ഹാളിലെ വിവാഹ ശുശ്രൂഷയ്ക്കു ശേഷം വരന്റെ വീട്ടിലെത്തി ചടങ്ങുകൾ പൂർത്തീകരിച്ചു നേരെ വിവാഹ വാഹനത്തിൽതന്നെ പോളിംഗ് ബൂത്തിലെത്തുകയായിരുന്നു.
മൈലപ്ര മൂലേകോണിൽ സക്കറിയ സാമുവലിന്റെയും മോളി സാമുവലിന്റെയും മകനാണ് ലിജു സാമുവൽ. കരിങ്കുറ്റിയ്ക്കൽ ജോർജ് മാത്യുവിന്റെയും ജോളി മാത്യുവിന്റെയും മകളാണ് ഡോണ മറിയം മാത്യു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഇങ്ങനെയായതിലുള്ള സന്തോഷവും ദന്പതികൾ പങ്കുവച്ചു.
എൻജിനിയറിംഗ് ബിരുദധാരിയായ ഡോണയുടെ പഠനം കഴിഞ്ഞതേയുള്ളു. ലിജു ബിസിനസ് ചെയ്യുകയാണ്.
വിവാഹവേദി വിട്ടിറങ്ങിയത് പോളിംഗ് ബൂത്തിലേക്ക്
12:03 AM Apr 24, 2019 | Deepika.com