കൊച്ചി: കെസിഎസ്എൽ സംസ്ഥാനതല നേതൃത്വപരിശീലന-വ്യക്തിത്വവികസന ക്യാന്പ് നാളെ മുതൽ 27 വരെ മാവേലിക്കര പുന്നമൂട് ജീവാരാം മാർ ഇവാനിയോസ് ആനിമേഷൻ സെന്ററിൽ നടക്കും. സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറോളം വിദ്യാർഥികൾ ക്യാന്പിൽ പങ്കെടുക്കും.
നാളെ വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനം മോണ്. ജോർജ് ചരിവിള കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. 26 ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വാർഷികസമ്മേളനം മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖപ്രഭാഷണം നടത്തും. 2018-19 അധ്യയനവർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച രൂപതകൾക്കും ശാഖകൾക്കും ട്രോഫികളും സമ്മാനങ്ങളും നൽകും. വ്യക്തിത്വവികസനം, നേതൃത്വപരിശീലനം, പ്രസംഗകല തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. വിവിധ ദിവസങ്ങളിൽ മൂന്നു റീത്തുകളിൽനിന്നായി സഭാപിതാക്കൻമാർ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിക്കും.
സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ, ജനറൽ ഓർഗനൈസർ സിറിയക് നരിതൂക്കിൽ, ട്രഷറർ മനോജ് ചാക്കോ, മാവേലിക്കര രൂപത ഡയറക്ടർ ഫാ. ജോസഫ് പടിപ്പുര, സംസ്ഥാന ചെയർമാൻ ആന്റണി എൽറിൻ, ജനറൽ സെക്രട്ടറി ബ്ലെയ്സി ബാബി തുടങ്ങിയവർ ക്യാന്പിനു നേതൃത്വം നൽകും. അടുത്ത വർഷത്തേക്കുള്ള വിദ്യാർഥി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
കെസിഎസ്എൽ സംസ്ഥാന ക്യന്പ് മാവേലിക്കരയിൽ നാളെ മുതൽ
01:20 AM Apr 23, 2019 | Deepika.com