തൊടുപുഴ: കേരള ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് നാളെ തൊടുപുഴ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും.
സംസ്ഥാനത്തെ 14 ജില്ലകളെ പ്രതിനിധീകരിച്ച് 16 വയസിൽ താഴെയുള്ള കുട്ടികൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.ചാന്പ്യൻഷിപ്പിൽ വിജയികളാകുന്നവർക്ക് കോയന്പത്തൂരിൽ നടക്കുന്ന ദേശീയ യൂത്ത് ബാസ്ക്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പ്രവേശനം ലഭിക്കും.
നാലുവർഷത്തെ ഇടവേളകളിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇടുക്കി ജില്ല സംസ്ഥാന യൂത്ത് ബാസ്ക്കറ്റ് ബോൾ ചാന്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നാളെ വൈകുന്നേരം 5ന് ദ്രോണാചാര്യ കെ.പി. തോമസ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റും ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അംഗവുമായ പി.ജെ. സണ്ണി മുഖ്യാതിഥിയായിരിക്കും. 27നു രാവിലെ 11നു നടക്കുന്ന സമാപന സമ്മേളത്തിൽ ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ സംഘാടക സമിതി സെക്രട്ടറി ഡോ. പ്രിൻസ് കെ.മറ്റം അറിയിച്ചു.
സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് തൊടുപുഴയിൽ
01:00 AM Apr 23, 2019 | Deepika.com