കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ചിത്രം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷൻ പത്രപ്പരസ്യം നൽകിയതിനെതിരേ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് പരാതി നല്കി.
ബിജെപി നേതാവായ കൃഷ്ണദാസ് പി. നായരാണ് പരാതി നൽകിയത്. വോട്ടർമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തിരിച്ചറിയൽ കാർഡുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കി കഴിഞ്ഞ 21നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പത്രപ്പരസ്യം നൽകിയത്.
ഇതിൽ ടിക്കാറാം മീണയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതു കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളുടെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്നു പരാതിയിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയായ ടിക്കാറാം മീണയുടെ ചിത്രം പൊതുഖജനാവിൽനിന്നുള്ള പണം ചെലവഴിച്ചുള്ള പരസ്യത്തിൽ ഉൾപ്പെടുത്തിയത് ചട്ട ലംഘനമാണ്.
സുപ്രീം കോടതി വിധിയനുസരിച്ച് രാഷ്ട്രപത്രി, പ്രധാനമന്ത്രി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്താമെങ്കിലും കേന്ദ്ര-സംസ്ഥാന-സർക്കാർ ജീവനക്കാരുടെ ചിത്രങ്ങൾ ഇത്തരത്തിൽ പരസ്യത്തിന് ഉപയോഗിക്കാൻ കഴിയില്ല. ടിക്കാറാം മീണയുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹത്തിനെതിരേ നടപടി വേണമെന്നുമാണു പരാതിയിലെ ആവശ്യം.
ടിക്കാറാം മീണയുടെ ചിത്രം ഉൾപ്പെടുത്തി പത്രപ്പരസ്യം നൽകിയതിനെതിരേ പരാതി
01:00 AM Apr 23, 2019 | Deepika.com