കോഴിക്കോട്: ഭൂമി ഇടപാടിന് കോഴ ആവശ്യപ്പെട്ടതായി ആരോപണമുയർന്ന ഒളികാമറ വിവാദത്തില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരേ പോലീസ് കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാനിയമം 171 ഇ വകുപ്പും അഴിമതി നിരോധന നിയമത്തിന്റെ 13(1) വകുപ്പും അനുസരിച്ചാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വീഡിയോ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെടുന്നതിനെതിരായ വകുപ്പു പ്രകാരം കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. 414/2019 ക്രൈം നമ്പർ ആയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാഘവനെതിരേ കേസെടുക്കാമെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ സി. ശ്രീധരന്‍നായർ കഴിഞ്ഞ ദിവസം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിയമോപദേശം നല്‍കിയിരുന്നു.
വീഡിയോ ക്ലിപ്പിംഗിൽ എഡിറ്റിംഗ് നടത്തിയതായി ചൂണ്ടിക്കാട്ടി രാഘവൻ പരാതി നൽകിയിരുന്നു. ക്ലിപ്പിംഗ് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണമെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.കെ. രാഘവനെതിരേ കേസെടുത്തു
12:04 AM Apr 23, 2019 | Deepika.com