കൽപ്പറ്റ: പുൽവാമയിൽ ഫെബ്രുവരി 14നു ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ഹവിൽദാർ വയനാട് പൂക്കോട് വാഴക്കണ്ടി വസന്തകുമാറിന്റെ ഭാര്യ ഷീനയെ ധീര വനിതയെന്നു വിശേഷിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ മുട്ടിൽ തൃക്കൈപ്പറ്റയിലുള്ള വസന്തകുമാറിന്റെ തറവാട്ടിൽ സന്ദർശനത്തിനിടെയാണ് ഷീനയെ പ്രിയങ്ക ധീര വനിതയെന്നു വിശേഷിപ്പിച്ചത്.
വസന്തകുമാറിന്റെ അമ്മ ശാന്ത, ഭാര്യ ഷീന, മക്കളായ അനാമിക, അമർദീപ് എന്നിവരെ ആശ്വസിപ്പിച്ച പ്രിയങ്ക രാജ്യം മുഴുവൻ കുടുംബത്തോടൊപ്പമുണ്ടെന്ന് പറഞ്ഞു. സിവിൽ സർവീസസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി ശ്രദ്ധേയയായ പട്ടികവർഗ യുവതി പൊഴുതന ഇടിയംവയൽ അന്പളക്കൊല്ലി ശ്രീധന്യ സുരേഷും വസന്തകുമാറിന്റെ വസതിയിലെത്തിയിരുന്നു. പ്രിയങ്കയ്ക്കും വസന്തകുമാറിന്റെ കുടുംബാംഗങ്ങൾക്കുമിടയിൽ പരിഭാഷകയായതും ശ്രീധന്യയാണ്.
സഹോദരൻ മത്സരിക്കുന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശനിയാഴ്ചയെത്തിയ പ്രിയങ്ക വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലാണു രാത്രി തങ്ങിയത്. ഇന്നലെ രാവിലെ കോണ്ഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പുകാര്യങ്ങൾ ചർച്ച ചെയ്ത അവർ ഉച്ചകഴിഞ്ഞ് കാറിലാണ് തൃക്കൈപ്പറ്റയിലേക്കു പുറപ്പെട്ടത്. വൈത്തിരിയിൽനിന്നു ചുണ്ടേൽ, മേപ്പാടി വഴി തൃക്കൈപ്പറ്റയിലേക്കു പ്രിയങ്ക നടത്തിയ യാത്ര റോഡ്ഷോയുടെ പ്രതീതി ജനിപ്പിച്ചു.
വൈത്തിരിക്കും തൃക്കൈപ്പറ്റയ്ക്കുമിടയിൽ റോഡിനു ഇരുവശവും സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയങ്കയെ കാത്തുനിന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു വസന്തകുമാറിന്റെ തറവാട്ടിലേക്കുള്ള പ്രിയങ്കയുടെ യാത്ര. വസന്തകുമാറിന്റെ കുടുംബാംഗങ്ങൾക്കൊപ്പം 20 മിനിറ്റോളം ചെലവഴിച്ച പ്രിയങ്ക നാടൻ ഭക്ഷണവും കഴിച്ചു.
വാഴക്കണ്ടി കുറമ കോളനിയിലെ ഏതാനും വീടുകളിൽ കയറിയ പ്രിയങ്ക പോലീസ് വിലക്കു മറികടന്നു തടിച്ചുകൂടിയ കോളനി വാസികളടക്കമുള്ളവരുമായി കുശലാന്വേഷണം നടത്തിയശേഷമാണ് മടക്കയാത്രയ്ക്കു മുട്ടിൽ ഡബ്ല്യുഎംഒ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലേക്കു നീങ്ങിയത്. മൂന്നരയോടെ പ്രിയങ്ക മടങ്ങി.
വസന്തകുമാറിന്റെ തറവാട്ടിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്താനിരുന്ന സന്ദർശനമാണ് പ്രതികൂല കാലാവസ്ഥമൂലം ഇന്നലത്തേക്കു മാറ്റിയത്. വസന്തകുമാറിന്റെ വീട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി നേരത്തേ തീരുമാനിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ എസ്പിജി വിലക്കിയതിനെത്തുടർന്നു റദ്ദാക്കുകയായിരുന്നു.
ഷീനയെ ധീരവനിതയെന്നു വിശേഷിപ്പിച്ചു പ്രിയങ്ക
01:42 AM Apr 22, 2019 | Deepika.com