കണ്ണൂർ: ഭീകരവാദികളെ സൈന്യം നേരിട്ടപ്പോൾ ഭൂമിയിലെ കാവൽക്കാരനാണെന്നും ശാസ്ത്രജ്ഞന്മാർ ബഹിരാകാശത്ത് ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ ബഹിരാകാശത്തെ കാവൽക്കാരനാണെന്നും പ്രധാനമന്ത്രി പ്രസംഗിച്ചുനടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
യഥാർഥത്തിൽ അംബാനി-അദാനിമാരുടെ ചൗക്കീദാരാണ് മോദിയെന്നു യെച്ചൂരി പറഞ്ഞു. കണ്ണൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി ബഹിരാകാശത്തേക്ക് നോക്കിനിൽക്കട്ടെ. ഭരണം മറ്റുള്ളവർ കൈകാര്യം ചെയ്യട്ടെ. അതാണു നല്ലത്. അഴിമതിയെ നിയമവത്കരിച്ചതാണ് മോദിസർക്കാർ ചെയ്ത ഏകകാര്യം.
മാനുഷിക തുല്യത അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. വെറുപ്പിന്റെ രാഷ്ട്രീയം കേരളം അംഗീകരിക്കില്ല. മാറ്റത്തിനുവേണ്ടി കേരളജനത വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അംബാനി-അദാനിമാരുടെ ചൗക്കീദാരാണ് മോദി: യെച്ചൂരി
02:55 AM Apr 21, 2019 | Deepika.com