പീരുമേട്: പരിശോധനകളും അറസ്റ്റും വ്യാപകമായി നടക്കുന്പോഴും ഹൈറേഞ്ചിലൂടെയുള്ള കഞ്ചാവു കടത്തിനു അറുതിയില്ല. മൂന്നു മാസത്തിനിടെ 33 കിലോഗ്രാം കഞ്ചാവാണ് മലയോര മേഖലയിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്. 36 കേസുകളിലായി 56 പ്രതികളെയും പിടികൂടി. 17 വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽനിന്നു കുമളിവഴി കടത്താൻ ശ്രമിച്ച കഞ്ചാവും കടത്തുകാരുമാണു പിടിയിലായിട്ടുള്ളത്. എത്തിക്കുന്നതിന്റെ ഒരു ഭാഗം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നതാണ് യാഥാർഥ്യം.
കഴിഞ്ഞ ആഴ്ച വണ്ടിപ്പെരിയാറ്റിൽനിന്നു പിടികൂടിയ എട്ടു കിലോഗ്രാം കഞ്ചാവാണ് ഏറ്റവും കൂടിയ അളവ്. കുമളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ ചുമതലയുള്ള പീരുമേട് എക്സൈസ് റേഞ്ചിലാണ് അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നു മാസത്തിനിടെ വണ്ടിപ്പെരിയാർ റേഞ്ച് ഓഫീസിൽ 22 കേസുകളിലായി 35 പ്രതികളാണു പിടിയിലായത്. ഇവരിൽനിന്നു 30 കിലോഗ്രാം കഞ്ചാവും 14 വാഹനങ്ങളും പിടിച്ചെടുത്തു.
പീരുമേട് റേഞ്ച്, സർക്കിൾ ഓഫീസുകളിൽനിന്നായി 14 കേസുകളിലായി 21 പ്രതികൾ പിടിയിലായപ്പോൾ ഇവരിൽനിന്നു മൂന്നര കിലോഗ്രാം കഞ്ചാവും മൂന്നു വാഹനങ്ങളും പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ കിലോഗ്രാമിന് 25,000 രൂപ വിലവരുന്ന കഞ്ചാവ് കുമളി അതിർത്തി കടക്കുന്നതോടെ ലക്ഷങ്ങൾ വിലയാകും. ഇതാണ് കടത്തിനു കുറവുണ്ടാകാത്തതിനു പ്രധാന കാരണം. പിടിയിലാകുന്നവരിൽ അധികവും 20 -40 വയസുകാരാണ്.
ഇതര സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന കഞ്ചാവുകൾ തമിഴ്നാട്ടിൽ എത്തിച്ചാണ് വൻതോതിൽ അതിർത്തി പ്രദേശങ്ങളിലൂടെ കൊണ്ടുപോകുന്നത്. ജില്ലയിൽ ഏറ്റവുമധികം കേസുകൾ ഉള്ളതു വണ്ടിപ്പെരിയാർ റേഞ്ചിനു കീഴിലാണ്. ജില്ലയിൽ കഞ്ചാവ് കേസുകൾ വർധിക്കുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുമെത്തുന്നവരാണു പിടിയിലായവരിൽ കൂടുതലും. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കന്പം, ഗൂഡല്ലൂർ, കോന്പൈ തുടങ്ങിയ സ്ഥലങ്ങളാണ് കഞ്ചാവിന്റ പ്രധാന മൊത്തവില്പന കേന്ദ്രങ്ങൾ. ഇവിടെനിന്നു കുമളി മുണ്ടക്കയം വഴിയാണ് തെക്കുപടിഞ്ഞാറൻ ജില്ലകളിലേക്കു കഞ്ചാവ് എത്തിക്കുന്നത്.
ദീർഘദൂര ബസുകൾ കേന്ദ്രീകരിച്ചും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് മിക്കപ്പോഴും പരിശോധന നടക്കുന്നത്. തമിഴ്നാട്ടിൽനിന്നു ദിവസേന എത്തുന്ന ചരക്കുവാഹനങ്ങളും വിനോദ സഞ്ചാര വാഹനങ്ങളും പരിശോധനകൾ നടക്കാതെ കടന്നുപോവുകയാണ്. കഞ്ചാവ് കടത്തി നൽകുന്നതിനും ആളുകളുണ്ട്.
മൂന്നു മാസം; ഇടുക്കിയിൽ പിടിയിലായത് 333 കിലോ കഞ്ചാവും 56 പ്രതികളും
12:34 AM Apr 19, 2019 | Deepika.com