അങ്കമാലി: പുതിയ സർക്കാർ വരുമ്പോൾ അതിന്റെ ദിശയും സ്വഭാവവും നയങ്ങളും തീരുമാനിക്കുന്നതിന് ഇടതുപക്ഷം വേണമെന്നും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു കേരളം കരുത്തുപകരണമെന്നും സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചാലക്കുടി സ്ഥാനാർഥി ഇന്നസെന്റിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തിയതിന്റെ ന്യായമെന്താണ്? കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നാണു രാഹുൽ പ്രസംഗങ്ങളിൽ പറയുന്നത്. കേരളത്തെ അത്തരത്തിൽ മാറ്റിയെടുത്ത ഇടതുപക്ഷത്തോടാണു രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
വാജ്പേയിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തിയ തെരഞ്ഞെടുപ്പിൽ 18 സീറ്റ് എൽഡിഎഫ് നേടിയിരുന്നു. നരേന്ദ്ര മോദി കേരളത്തിൽ വന്നപ്പോൾ ആചാരങ്ങൾ സംരക്ഷിക്കുമെന്നു പറഞ്ഞു. കേരളത്തിനു പോകേണ്ടതു മുന്നോട്ടാണ്. ആർഎസ്എസ് സംസ്കാരം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിനൊപ്പം ഇടതുപക്ഷവും വേണം: യെച്ചൂരി
12:34 AM Apr 19, 2019 | Deepika.com