രാജകുമാരി: വയോധികൻ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചു. ചിന്നക്കനാൽ മുത്തമ്മ കോളനി സ്വദേശി ചന്ദനമഹാലിംഗം (77)ആണ് മരിച്ചത്. ആനയിറങ്കൽ ജലാശയത്തിന്റെ മറുകരയിലുള്ള ബന്ധുവീട്ടിൽ വഞ്ചിയിൽപോയി മടങ്ങിവരുന്നതിനിടെയാണ് അപകടം.
ബുധനാഴ്ച വൈകുന്നേരം സൂര്യനെല്ലിയിൽ എത്തിയ ചന്ദന മഹാലിംഗം എടിഎമ്മിൽനിന്ന് പണമെടുത്ത് പലഹാരങ്ങൾ വാങ്ങിയശേഷം പുതുപരട്ടിലുള്ള ബന്ധുവീട്ടിലേക്ക് വള്ളത്തിൽ ഒറ്റയ്ക്കാണ് പോയത്. ബന്ധുവീട്ടിൽനിന്ന് തിരികെ കരയിൽ എത്തിയശേഷം വള്ളത്തിൽനിന്നും ഇറങ്ങുന്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. രാത്രിയായതിനാൽ ഈ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ശാന്തന്‍പാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ആനയിറങ്കൽ ജലാശയത്തിൽ വയോധികൻ മുങ്ങിമരിച്ചു
11:14 PM Apr 18, 2019 | Deepika.com