സുൽത്താൻബത്തേരി: കോണ്ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കു സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ ഒരുക്കിയ പൊതുസമ്മേളനവേദിയിൽ കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ ഗാനാലാപനം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരവുമായി ബന്ധപ്പെടുത്തി തയാറാക്കിയ ഗാനം പി.ജെ. ജോസഫ് രണ്ടു തവണ പാടി.
രാഹുൽ ബത്തേരിയിലെത്തുന്നതിനു മുമ്പായിരുന്നു ആദ്യ ആലാപനം. രണ്ടാമത്തേതു രാഹുലിന്റെ പ്രസംഗത്തിനുശേഷവും.
രാഹുൽ വരുന്നുണ്ടേ
രാഹുൽ ഗാന്ധി വരുന്നുണ്ടേ
നമ്മുടെ സാരഥി
വീരനാം നായകൻ
വയനാട്ടിലെത്തുന്നുണ്ടേ
ആരൊക്കെ വന്നാലും
എന്തൊക്കെ ചെയ്താലും
രാഹുൽ മുന്നിൽത്തന്നെ....
എന്നിങ്ങനെയായിരുന്നു ഗാനത്തിലെ വരികൾ. പി.ജെ. ജോസഫ് പാടിയപ്പോൾ അർഥം പിടികിട്ടിയില്ലെങ്കിലും താളത്തിനൊത്ത് രാഹുലും തലയാട്ടി പുഞ്ചിരിതൂകി.
വേദിയിലുണ്ടായിരുന്ന കോണ്ഗ്രസ്-യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, സുദർശന നാച്ചിയപ്പ, സാദിഖലി ശിഹാബ് തങ്ങൾ, പി.വി. മോഹൻ, ലാലി വിൻസന്റ്, ഐ.സി. ബാലകൃഷ്ണൻ, കെ.സി. റോസക്കുട്ടി, എൻ.ഡി. അപ്പച്ചൻ, പി.പി.എ. കരീം, കെ.കെ. ഏബ്രഹം, കെ.എൽ. പൗലോസ് തുടങ്ങിയവർക്കൊപ്പം സദസും ഗാനത്തിനൊപ്പം താളമിട്ടു.
പൊതുസമ്മേളനവേദിയിൽ പി.ജെ. ജോസഫിന്റെ ഗാനം
02:28 AM Apr 18, 2019 | Deepika.com