കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍ക്കായി പ്രത്യേക പോളിംഗ് സ്റ്റേഷന് അനുവദിക്കാനോ പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താനോ കഴിയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പുറപ്പെടാ ശാന്തിമാര്‍ക്കു വോട്ടു ചെയ്യാന്‍ സംവിധാനം വേണമെന്നും ഗുജറാത്തിലെ ഗീര്‍ വനത്തില്‍ ക്ഷേത്ര പുരോഹിതര്‍ക്കു വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സൗകര്യങ്ങള്‍ അനുവദിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥയില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍, തെരഞ്ഞെടുപ്പു ജോലിയിലുള്ളവര്‍, കരുതല്‍ തടങ്കലിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണു നിയമപ്രകാരം പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളത്. പുറപ്പെടാ ശാന്തിമാര്‍ ഈ ഗണത്തില്‍ വരുന്നില്ല.
പോളിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. വ്യക്തികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടു രേഖപ്പെടുത്താനാണു നിയമത്തില്‍ പറയുന്നത്. വോട്ടു ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല. മറിച്ചു ചട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള അവകാശമാണെന്നും നിലവില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ മുന്നേറിക്കഴിഞ്ഞെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി.
ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍ പുറപ്പെടാ ശാന്തികളാണെന്നും ഇവര്‍ക്കു ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പ്രത്യേക പോളിംഗ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കണമെന്നുമാവശ്യപ്പെട്ടു ക്ഷത്രിയ ക്ഷേമസഭ നല്കിയ ഹര്‍ജിയിലാണു തെരഞ്ഞെടുപ്പു കമ്മീഷന് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്‍കിയത്. ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
ശബരിമല മേല്‍ശാന്തിമാര്‍ക്കു പ്രത്യേക പോളിംഗ് സ്റ്റേഷനില്ല
02:00 AM Apr 18, 2019 | Deepika.com