കൊച്ചി: പരസ്പര സ്നേഹവും സാഹോദര്യവുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്നു സീറോ മലബാർ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ. ഫ്രാൻസിസ് മാർപാപ്പായുടെ ഗൾഫ് നാടുകളിലെ സന്ദർശനത്തോടനുബന്ധിച്ചു പാപ്പായും അൽ-അസ്ഹർ മോസ്കിന്റെ ഇമാം അഹമ്മദ് എൽതയ്യെബും സംയുക്തമായി അബുദാബിയിൽ പുറപ്പെടുവിച്ച രേഖയെക്കുറിച്ചുള്ള ദൈവശാസ്ത്ര പഠനശിബിരം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവസാഹോദര്യം, ലോകസമാധാനം, പരസ്പര സംവാദം എന്നീ മൂല്യങ്ങൾക്കാണ് ഈ രേഖ പ്രധാനമായും ഊന്നൽ നല്കുന്നതെന്നും മാർ നീലങ്കാവിൽ പറഞ്ഞു. വിവിധ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം ദൈവശാസ്ത്രജ്ഞരാണ് സെമിനാറിൽ പങ്കെടുത്തത്. സീറോ മലബാർ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ദൈവശാസ്ത്ര സെമിനാറിൽ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരി പ്രഫസർ റവ. ഡോ. വിൻസന്റ് കുണ്ടുകുളം, സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ചെറിയാൻ കറുകപ്പറന്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ചർച്ചകൾ നയിച്ച് സമാപനസന്ദേശം നൽകി. ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എന്നിവർ പ്രസംഗിച്ചു.
മതങ്ങളുടെയെല്ലാം അടിസ്ഥാനം സാഹോദര്യം: മാർ നീലങ്കാവിൽ
01:58 AM Apr 18, 2019 | Deepika.com