ആലപ്പുഴ: പെരുമാറ്റച്ചട്ടം ലംഘിച്ച മുഖ്യമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുക്കണമെന്നു പി.കെ. കൃഷ്ണദാസ്. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജനസമക്ഷം 2019ൽ പങ്കെടുക്കുകയായിരുന്നു കൃഷ്ണദാസ്. നാമജപം കേട്ടാലുടൻ അസ്വസ്ഥനാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ പുരാണ കഥാപാത്രമായ ഹിരണ്യകശിപുവിന്റെ പുനരവതാരമാണോയെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കൃഷ്ണദാസ് ചോദിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിനിടെ സമീപത്തെ ക്ഷേത്രത്തിൽനിന്നു നാമജപം ഉയർന്നു പ്രസംഗം തടസപ്പെട്ടതിൽ മുഖ്യമന്ത്രി അസ്വസ്ഥനായ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൈക്ക് പ്രവർത്തിപ്പിക്കാൻ ക്ഷേത്രത്തിന് അനുമതി ഉണ്ടായിരുന്നു. എന്നാൽ, അനുമതിയില്ലാതെ യോഗം നടത്തിയത് എൽഡിഎഫും മുഖ്യമന്ത്രിയുമാണ്. അതിൽ നടപടി വേണമെന്ന് കൃഷ്ണദാസ് ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരേ നടപടിയെടുക്കണം: പി.കെ. കൃഷ്ണദാസ്
01:28 AM Apr 18, 2019 | Deepika.com