കൊച്ചി: സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു.
പ്രശ്ന ബാധിത ബൂത്തുകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടു കാസര്‍ഗോഡ് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്, ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് ഇലക്ഷന് ചെയര്മാന് ആര്. പ്രദീപ് എന്നിവര്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണു കമ്മീഷന്റെ വിശദീകരണം.
ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സംസ്ഥാനത്തു സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഒരുക്കങ്ങളെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു.
ഇതു രേഖപ്പെടുത്തിയ ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി. കല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, മഞ്ചേശ്വരം തുടങ്ങിയ മേഖലകളിലായി നിരവധി ബൂത്തുകള്‍ പ്രശ്ന സാധ്യതയുള്ളവയാണെന്നും ഈ ബൂത്തുകളില്‍ പാരാ മിലിട്ടറി ഫോഴ്സ് ഉള്‍പ്പെടെ മതിയായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും സിസിടിവികള്‍ സ്ഥാപിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഫോട്ടോ പതിച്ച സഹകരണ ബാങ്ക് പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കുന്നതു തടയണമെന്നും വ്യാപക കള്ളവോട്ടിന് ഇതു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി കണ്ണൂരിലെ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ചെയര്മാന് സി. മൊയ്തീന്, യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ ചീഫ് ഇലക്ഷന് ഏജന്റ് കെ. സുരേന്ദ്രന് എന്നിവര്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുണ്ട്.
സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചെന്നു കമ്മീഷന്
01:28 AM Apr 18, 2019 | Deepika.com