കോട്ടയം: കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കാണാനും കർഷക ശക്തീകരണത്തിലൂടെ നവഭാരതം കെട്ടിപ്പടുക്കാനും രൂപീകൃതമായ കിസാൻ മിത്രയുടെ പ്രവർത്തനങ്ങൾക്കു തുടക്കമായി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. കർഷക പ്രശ്ന പരിഹാരം കർഷക കൂട്ടായ്മയിലൂടെ നേടിയെടുക്കണമെന്നും സാന്പത്തിക സുസ്ഥിരതയിൽ നിന്നേ ആത്മീയ പരിപോഷണം നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ ചരിത്രം പരിശോധിക്കുന്പോൾ പ്രശ്നങ്ങളെ അതിജീവിച്ച ഒരു തലമുറയുടെ വിജയക്കുതിപ്പുകൾ കാണാം. ആധുനിക കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും തിരിച്ചടികളും മറികടക്കാൻ മണലാരണ്യത്തിൽ കനകം വിളയിക്കുന്ന ഇസ്രയേലിനെ മാതൃകയാക്കണമെന്നും മാർ അറയ്ക്കൽ കൂട്ടിച്ചേർത്തു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കിസാൻ മിത്ര ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു.
കിസാൻ മിത്ര ഓണ്‍ലൈൻ ചാനൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കിസാൻ മിത്ര വെബ്സൈറ്റിന്റെ ലോഞ്ചിംഗ് ഇൻഫാം ദേശീയ സെക്രട്ടറി ഷെവ.വി. സി.സെബാസ്റ്റ്യനും നിർവഹിച്ചു. സാമൂഹ്യപ്രവർത്തക ദയാബായി മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ്കുറുപ്പ് എംഎൽഎ, പി.സി. തോമസ്, അഡ്വ. സോണി തോമസ്, ഫിലോമിന, ജോസ് ജോണ്‍, മനോജ് ചെറിയാൻ, മാനുവൽ കാപ്പൻ എന്നിവർ പ്രസംഗിച്ചു.
കിസാൻ മിത്രയ്ക്കു തുടക്കമായി
01:07 AM Apr 18, 2019 | Deepika.com