നെടുങ്കണ്ടം/പെരുന്പാവൂർ: മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ പെരുന്പാവൂരിനു സമീപം അപകടത്തിൽപ്പെട്ടു. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. രണ്ടു കുട്ടികളടക്കം നാലുപേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം മാവടി പടിഞ്ഞാറേക്കൂറ്റ് ആന്റോ ദേവസ്യ (38), ഭാര്യ സവിത (32), മകൾ ലുലു (ആറു മാസം), ആന്റോയുടെ ജ്യേഷ്ഠന്റെ മകൻ ആൽവിൻ (13) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ ഒന്നിന് എം.എം റോഡിൽ ഒന്നാംമൈലിലാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഉള്ളിൽ കുടുങ്ങിയ നാട്ടുകാർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന്റോയുടെയും ആൽവിന്റെയും നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിക്കാൻ നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. തുടർന്ന് അതുവഴി വന്ന ടാക്സി ഡ്രൈവറാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. അപകട കാരണം വ്യക്തമല്ല.
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്
01:07 AM Apr 18, 2019 | Deepika.com