രാജാക്കാട്: പൊൻമുടി ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കാണാതായി. എൻ.ആർ സിറ്റി പുന്നസിറ്റി വെട്ടുകല്ലംമാക്കൽ സുകുമാരന്റെ മകൻ സുബീഷ് (18) നെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നു രാവിലെ സ്കൂബാ ഡൈവിംഗ് സംഘമെത്തി തെരച്ചിൽ പുനരാരംഭിക്കും.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സുഹൃത്തുക്കളായ വിവേക്, അഭിജിത്ത് എന്നിവർക്കൊപ്പം ജലാശയത്തിലെ വാരിയാനിപ്പടി പള്ളിക്കുന്ന് ഭാഗത്തെ ഓളിയിൽ കുളിക്കാനായി എത്തിയതായിരുന്നു. നീന്തൽ വശമില്ലാത്തതിനാൽ സുബീഷും വിവേകും കരയോടുചേർന്ന് അരയൊപ്പം വെള്ളത്തിൽ കുളിക്കുകയായിരുന്നു. ഇതിനിടെ, കാൽവഴുതി ഇരുവരും ആഴമുള്ള ഭാഗത്തു താഴ്ന്നു. കരയിൽ ഇരിക്കുകയായിരുന്ന അഭിജിത്ത് ഇതുകണ്ടു വെള്ളത്തിലേക്കുചാടി രണ്ടുപേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സുബീഷ് പിടിവിട്ടു മുങ്ങിത്താണു. വിവേകിനെ തള്ളി കരയിൽ എത്തിച്ചപ്പോഴേക്കും സുബീഷിനെ കാണാതായി.
ഇവരുടെ നിലവിളികേട്ട് എത്തിയ പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജാക്കാട് പോലീസും അടിമാലി ഫയർ ഫോഴ്സുമെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും ആഴക്കൂടുതലും വെളിച്ചക്കുറവുംമൂലം രാത്രിയോടെ തെരച്ചിൽ നിർത്തിവച്ചു.
എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് മൂവരും. സുബീഷും വിവേകും പ്ലസ്ടു പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാർഥിയെ പൊൻമുടി ജലാശയത്തിൽ കാണാതായി
01:07 AM Apr 18, 2019 | Deepika.com