രാജാക്കാട്: ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലും ചൂട് കടുത്തു. രാജാക്കാട് ഒരാൾക്കു സൂര്യാതപമേറ്റു. കർഷകനായ തകിടിയേൽ മാത്യു(58)വിനാണ് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്.
കഴിഞ്ഞ ഒരാഴ്ചയായി ഹൈറേഞ്ച് മേഖലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് മാത്യുവിന് സൂര്യാതപമേറ്റത്. വലിയകണ്ടം പാടശേഖരത്തിൽ കൃഷിചെയ്തിരിക്കുന്ന ഏത്തവാഴത്തോട്ടത്തിൽ രാവിലെ എത്തി വാഴ നനച്ചതിനുശേഷം ഇദ്ദേഹം പത്തോടെ വീട്ടിലേക്കു തിരിച്ചുപോയി. വീട്ടിലെത്തി കുളിക്കുന്ന സമയത്താണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടത്.
തുടർന്ന് രാജാക്കാട് സാമൂഹ്യരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റതാണെന്ന് ഡോ. ജോബിൻ ജോസ് സ്ഥിരീകരിച്ചത്.
സൂര്യാതപം ഹൈറേഞ്ചിലേക്കും; രാജാക്കാട്ട് കർഷകനു പൊള്ളലേറ്റു
12:44 AM Mar 27, 2019 | Deepika.com