തിരുവനന്തപുരം: ഇന്ത്യയും ചൈനയും തങ്ങളുടെ നല്ല അയൽക്കാരാണെന്നു നേപ്പാൾ മുൻ പ്രധാനമന്ത്രി ജഹ്ല നാഥ് ഖനൽ. ഇന്ത്യ മതേതര രാജ്യമാണ്. അതുകൊണ്ട് എല്ലാവരേയും ഒരുപോലെ കാണാൻ ഇവിടത്തെ ജനങ്ങൾക്കു കഴിയുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജഹ് ല നാഥ് ഖനൽ.
രണ്ടു വന്പൻ രാജ്യങ്ങളുടെ ഇടയിലുള്ള ചെറു രാജ്യമാണ് നേപ്പാൾ. ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധമാണു നേപ്പാളിനുള്ളത്. ലോകത്തിലെ ഒന്നാം നന്പർ സാന്പത്തിക ശക്തിയായി ചൈന മാറുന്നു. ഇന്ത്യ ഇക്കാര്യത്തിൽ രണ്ടാമതുമാണ്. നേപ്പാളും സാന്പത്തികമായി മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെപ്പോലെ സന്പൂർണ സാക്ഷരതയിലേക്കുള്ള മുന്നേറ്റത്തിലാണ് നേപ്പാളും. പ്രകൃതിരമണീയമായ നേപ്പാളിനെ 2020-ഓടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മതേതര ആത്മീയതയാണ് നേപ്പാളിന്റേത്. കുറച്ച് ആളുകൾ നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം മതേതര രാഷ്ട്രമായി തുടരണമെന്നാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ചാൽ മികച്ച ഫലമുണ്ടാക്കാനാകുമെന്നും ഖനൽ പറഞ്ഞു.
ഇന്ത്യയും ചൈനയും നല്ല അയൽക്കാർ: ജഹ്ല നാഥ് ഖനൽ
12:35 AM Mar 27, 2019 | Deepika.com