തിരുവനന്തപുരം:വയനാട്ടിൽ കോ ണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സര രംഗത്ത് എത്തിയാൽ ബിജെപിയുടെ മുതിർന്ന കേന്ദ്ര നേതാവിനെ രംഗത്തിറക്കാൻ നീക്കം. ഇതു സംബന്ധിച്ച ആവശ്യം ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഘടകകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നൽകിയിരിക്കുന്നത്. ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയാൽ ഇവിടെ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന നേതാവ് വേണമെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. രാഹുൽ മത്സരിക്കുന്ന അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണു ബിജെപി സ്ഥാനാർഥി. സ്മൃതി ഇറാനിയെ വയനാട്ടിലും മത്സരിപ്പിക്കുന്നത് ആലോചിക്കണമെന്നും സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.
ഇല്ലെങ്കിൽ ദേശീയതലത്തിൽ പ്രതിച്ഛായ ഉള്ള നേതാവിനെ രംഗത്തിറക്കണമെന്നാണ് ആവശ്യം. സീറ്റ് ബിജെപി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു ബിഡിജെഎസ് നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തി. നിലവിലെ സ്ഥാനാർഥി ആന്റോ അഗസ്റ്റിനെ അവശ്യമെങ്കിൽ പിൻവലിക്കാൻ തയാറാണെന്നു ബിഡിജെഎസ് നേതൃത്വം സമ്മതം മൂളിയതായാണു വിവരം. കേന്ദ്ര നേതാക്കളെ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിൽ ആരെങ്കിലും മത്സരിക്കുന്നതും പരിഗണനയിലാണ്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വന്നശേഷം ഇക്കാര്യത്തിൽ ബിജെപി നിലപാടു പ്രഖ്യാപിക്കും. സിപിഐയിലെ പി.പി. സുനീറാണ് യുഡിഎഫിന്റെ പ്രധാന എതിരാളി.
കേന്ദ്രനേതാവിനെ മത്സരിപ്പിക്കാൻ ബിജെപി
01:35 AM Mar 25, 2019 | Deepika.com