ആലക്കോട്: നടുവിൽ കിഴക്കേക്കവലയിൽ വീട്ടുപരിസരത്ത് ബോം ബ് സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവിൽ. പ്രതിയെ പിടികൂടാനായി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്റെ വീട്ടുപരിസരത്ത് സ്ഫോടനമുണ്ടായത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ബോംബിൽ കയറി ചവിട്ടുകയായിരുന്നു. സംഭവത്തിൽ ഷിബുവിന്റെ മകൻ ഗോകുൽ, കൂട്ടുകാരൻ ഗജൻരാജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തി.
സ്ഥലത്തുനിന്ന് ആയുധശേഖരവും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 2350 ഗ്രാം അലുമിനിയം പൗഡർ, 75 ഗ്രാം ഗൺ പൗഡർ തുടങ്ങിയവയും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പു സമയത്തുനടന്ന സ്ഫോടനവും ആയുധശേഖരം കണ്ടെത്തിയതും പോലീസ് അതീവഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. കുടിയാന്മല എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
നടുവിൽ സ്ഫോടനം: ആർഎസ്എസ് കാര്യവാഹക് ഒളിവിൽ
01:35 AM Mar 25, 2019 | Deepika.com