കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ദേശീയ നേതാക്കള്‍ എത്തുമ്പോള്‍ ആവേശം അലകടലാക്കി മാറ്റാന്‍ വിണ്ണില്നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് നിയന്ത്രണം. ആകാശത്തുനിന്ന് താഴെയുള്ള കാഴ്ചകള്‍ പകര്‍ത്തുന്ന ഡ്രോണ്‍ കാമറകള്‍ക്കാണ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്.
തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണ്‍ കാമറകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായും പോലീസ് മുന്നറിയിപ്പ് നല്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും മറ്റും ദേശീയ നേതാക്കള്എത്താനുള്ള സാധ്യതയും പ്രചാരണത്തിനായി ഉപയോഗിക്കാന്‍ വീഡിയോ പകര്‍ത്താനുള്ള സാധ്യതയും കണക്കിലെടുത്താണ് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പലരും 2018 ഡിസംബര്‍ മുതൽ നടപ്പാക്കിയ കർശന നിയന്ത്രണത്തെക്കുറിച്ചുള്ള അജ്ഞതമൂലം ഡ്രോണുകള്‍ നിയമാനുസൃതമല്ലാതെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
ഡ്രോണ്‍ കാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രജിസ്ട്രേഷന് നടത്തണം. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ മുതല്‍ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന് ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളില്‍ പറക്കാന്‍ പാടില്ല. സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല.
നാനോ ഡ്രോണുകള്‍ക്ക് മുകളിലുള്ള എല്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) നല്കുന്ന പെര്‍മിറ്റും (അണ്‍മാൻഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ്- യുഎഒപി ) വ്യക്തിഗത തിരിച്ചറിയല്‍ നമ്പരും (യുഐഎന്‍ ) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമേ ഇവ പറത്താന്‍ പാടുള്ളൂ. പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങള്‍ , സംസ്ഥാന സെക്രട്ടേറിയറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങള്‍, രാജ്യാന്തരഅതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധി, കടലില്‍ തീരത്തു നിന്ന് 500 മീറ്ററിനപ്പുറം എന്നിവിടങ്ങളിലൊന്നും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
ഡ്രോണ്‍ , പൈലറ്റ്, ഉടമസ്ഥന് എന്നീ വിവരങ്ങൾ ഡിജിറ്റല്‍ സ്കൈ എന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വണ്‍ ടൈം രജിസ്ട്രേഷന് ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന നാനോ വിഭാഗത്തിലുള്‍പ്പെടെയുള്ള ഡ്രോണുകള്‍ക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈല്‍ ആപ്പ് വഴി അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ലഭിക്കാത്ത സ്ഥലങ്ങളില്‍ ടേക്ക്ഓഫ് ചെയ്യാന്‍ സാധിക്കില്ല.
ഡ്രോണിന് കര്‍ശന നിയന്ത്രണം: മുന്നറിയിപ്പുമായി പോലീസ്
01:24 AM Mar 25, 2019 | Deepika.com