മലപ്പുറം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. യുഡിഎഫിന് വീണുകിട്ടിയ നിധിയാണ്. കെപിസിസി നേതൃത്വം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
മലയോര മേഖലയായ വയനാട് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. മണ്ഡലം തൊടാതെ വിജയിക്കുന്ന സ്ഥാനാർഥിയായി രാഹുൽ ഗാന്ധി മാറും. അദ്ദേഹത്തിനു മുസ്ലിം ലീഗിന്റെ സർവ പിന്തുണയുമുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു.
സൂപ്പർ തരംഗമെന്നു കുഞ്ഞാലിക്കുട്ടി
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തിൽ സൂപ്പർ തരംഗമുണ്ടാക്കുമെന്നു മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനം യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. കേരളത്തിലും കേരളത്തിനു പുറത്തും വലിയ മാറ്റത്തിന് ഇതു കാരണമാകും. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പരാജയഭീതി മൂലമാണെന്ന വാദം തെറ്റാണ്. ദക്ഷിണേന്ത്യയിലെ വോട്ടർമാരുടെ ആവശ്യം നിറവേറ്റുകയാണ് അദ്ദേഹം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വാരാണസിയിലും വഡോദരയിലും മത്സരിച്ചത് പരാജയഭീതി കാരണമാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇക്കാര്യത്തിൽ കോടിയേരിയുടെ പ്രസ്താവന തീർത്തും അസ്ഥാനത്താണ്. ബിജെപി പറയേണ്ട നിലപാടാണ് കോടിയേരി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അദ്ഭുതം സൃഷ്ടിക്കും: ഹൈദരലി തങ്ങൾ
12:45 AM Mar 24, 2019 | Deepika.com