കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സൈബർ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർ റൂം നാളെ മുതൽ പ്രവർത്തനം തുടങ്ങും. കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ നേതൃത്വത്തിലാണ് കെപിസിസി ആസ്ഥാനത്ത് വാർ റൂമിന്റെ പ്രവർത്തനം. ശശി തരൂർ ചെയർമാനായ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഓപ്പറേഷൻസ് നിർവഹിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ്.
സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 16 ലോക്സഭാ മണ്ഡലങ്ങളിലും അടുത്തയാഴ്ചയോടെ വാർ റൂമുകൾ തുറക്കും. 18 നും 25 നും ഇടയിൽ പ്രായമുള്ള പുതിയ വോട്ടർമാരെയാണ് സൈബർ പ്രചാരണം പ്രധാനമായി ലക്ഷ്യമിടുന്നത്. ടിക് ടോക്ക് അടക്കമുള്ള വീഡിയോകൾ പ്രചാരണത്തിനായി ഉപയോഗിക്കും. കൂടാതെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്ആപ് എന്നിവ ഉപയോഗിച്ചുള്ള പ്രചാരണവും സജീവമാക്കും.
കെപിസിസി ആസ്ഥാനത്തുള്ള ഡിജിറ്റൽ മീഡിയ സെല്ലിൽ അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള 20 അംഗ കോർ ഗ്രൂപ്പാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ, അഞ്ച് ടാസ്ക് ഗ്രൂപ്പുകളും രംഗത്തുണ്ട്.
റെനീഷ് മാത്യു
കോൺഗ്രസ് വാർ റൂം നാളെ തുറക്കും
12:13 AM Mar 24, 2019 | Deepika.com