നടുവിൽ(കണ്ണൂർ): നടുവിൽ കിഴക്കേക്കവലയിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ മകനുൾപ്പെടെ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. ആർഎസ്എസ് തളിപ്പറമ്പ് കാര്യവാഹക് ഷിബു മുതിരമലയുടെ മകൻ ഗോകുൽ (ഏഴ്), അയൽവാസി ഗജൻ രാജ് (12) എന്നിവർക്കാണ് പരിക്കറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഷിബു മുതിരമലയുടെ വീടിനോടുചേർന്നുള്ള ഷെഡ്ഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സ്ഫോടനം. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കയറി ചവിട്ടിയപ്പോൾ സ്റ്റീൽ ബോംബുകൾ പൊട്ടുകയായിരുന്നുവെന്ന് പറയുന്നു.
പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിൽ ഏഴ് വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവ കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
ആലക്കോട് സിഐ, കുടിയാൻമല എസ്ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കണ്ണൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സ്ഫോടനം; രണ്ടു കുട്ടികൾക്ക് പരിക്കേറ്റു
12:13 AM Mar 24, 2019 | Deepika.com